കാളികാവ് : കുട്ടിയുടെ ഇടയ്ക്കിടെയുള്ള കാൽവേദനയുടെ കാരണമറിഞ്ഞ് രക്ഷിതാക്കൾ ഞെട്ടി. കരുവാരക്കുണ്ട് പുൽവെട്ട കക്കറയിലെ തണ്ണിപ്പാറ അജിത്തിന്റെയും രശ്‌മിയുടെയും മകൻ അശ്വിന്റെ (12) കാലിൽനിന്നാണ് ശസ്ത്രക്രിയയിലൂടെ ചെരിപ്പിന്റെ കഷണം പുറത്തെടുത്തത്. കാലിലെ അണുബാധ നീക്കാനാണ് ശസ്ത്രകിയ നടത്തിയത്. ഇടതുകാലിന്റെ പുറംഭാഗത്തെ എല്ലിനുള്ളിലാണ് ചുവന്ന ചെരിപ്പുകഷണം ഉണ്ടായിരുന്നത്. ശസ്ത്രക്രിയയ്ക്ക് മുൻപുവരെ കാലിൽ ചെരിപ്പുകഷണം ഉള്ളത് ആർക്കും അറിയില്ലായിരുന്നു.

2017-ൽ അശ്വിന്റെ കളിപ്പാട്ട കാറിന്റെ ചക്രംപിടിപ്പിച്ച കമ്പി കാലിൽ തുളച്ചുകയറിയിരുന്നു. ആശുപത്രിയിലെത്തിച്ച് കമ്പി ഊരിയെടുത്ത് ചികിത്സിച്ചു. രണ്ടുവർഷത്തിനുശേഷം പന്തുകളിക്കിടയിൽ കാൽവേദന അനുഭവപ്പെട്ടു. പന്തുകളിക്കിടയിലുള്ള പരിക്ക് എന്ന നിലയ്ക്കാണ് ഡോക്ടറെ സമീപിച്ചത്. രണ്ടുതവണ എം.ആർ.ഐ. സ്‌കാനും എക്സ്റേയും എടുത്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. അണുബാധയെത്തുടർന്നാണ് വേദന എന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം. അണുബാധ നീക്കുന്നതിനിടയിലാണ് എല്ലിനിടയിൽ കുടുങ്ങിക്കിടക്കുന്ന ചെരിപ്പിന്റെ കഷണം ശ്രദ്ധയിൽപ്പെട്ടത്. അടിയിലൂടെ തുളച്ചുകയറിയ ചെരിപ്പുകഷണം പാദത്തിന്റെ മുകൾഭാഗത്ത് എത്തിയിട്ടുണ്ട്. കമ്പിയുടെകൂടെ ചെരിപ്പുകഷണം കാലിനുള്ളിലേക്ക് തുളച്ചുകയറിയത് അശ്വിന്റെയും രക്ഷിതാക്കളുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. നാലുവർഷം മുൻപുണ്ടായ അനുഭവം കുട്ടി ഓർത്തുവെച്ചതിനാൽ ചെരിപ്പുകഷണം കാലിൽ എത്തിയ വഴി മനസ്സിലാക്കാനായി.

സ്‌പോർട്സ് ഇഞ്ചുറി സ്‌പെഷ്യലിസ്റ്റ് ഡോ. കെ.പി. ഷാനവാസ്, ഡോ. റാസിം കെ. യൂസുഫ് എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വംനൽകി.