വെള്ളാട്ടുപറമ്പ് : കോവിഡ് കാലത്ത് മക്കരപ്പറമ്പ് വെള്ളാട്ടുപറമ്പ് മസ്ജിദുന്നൂർ മഹല്ല് കമ്മിറ്റി ഒരു ‘കലവറ’ തുറന്നു. ഗ്രാമത്തിൽ ആരും പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ. പള്ളിയോടുചേർന്ന ആ മുറിയിൽ അവശ്യ ഭക്ഷ്യവസ്തുക്കൾ നിരത്തിവെച്ചു. ആർക്കും വരാം, വേണ്ടതെല്ലാം എടുക്കാം; തികച്ചും സൗജന്യമായി.

അരി മുതൽ ഉപ്പ് വരെയുള്ള 24 ഇനങ്ങളുണ്ടിവിടെ. അഞ്ചംഗങ്ങളുള്ള കുടുംബത്തിന് ഒരുദിവസത്തേക്കു വേണ്ട സാധനങ്ങൾ വെവ്വേറെ പായ്ക്കുചെയ്തു വെച്ചിരിക്കും. ജീവനക്കാരോ ക്യാമറയോ ഇല്ല. ആരും കണക്കുവെക്കുന്നുമില്ല. രാവിലെ ആറുമുതൽ രാത്രി എട്ടുവരെ 'കലവറ' തുറന്നുകിടക്കും.

വൈകാതെ മഹല്ല് കമ്മിറ്റി ആ സത്യം തിരിച്ചറിഞ്ഞു. ഗ്രാമത്തിലെ മിക്ക വീടുകളും അത്ര സമ്പന്നമല്ല. കലവറയിലെ സാധനങ്ങൾക്ക് ആവശ്യക്കാരേറെ. തീരുന്നതിനനുസരിച്ച് അവർ സാധനങ്ങൾ നിറച്ചു. ഓരോ ഇനങ്ങളും ദിവസവും 25 പായ്ക്കറ്റെങ്കിലും ഉറപ്പുവരുത്തുന്നുണ്ട്. കലവറ ഇനി പൂട്ടേണ്ടെന്നാണ് തീരുമാനം.

ഗ്രാമത്തിൽ 160 വീടുകളുണ്ട്. പകുതിയിലേറെയും പാവപ്പെട്ട കുടുംബങ്ങൾ. ഏതു മതസ്ഥർക്കും ഇവിടെയെത്തി സാധനങ്ങളെടുക്കാം. സാമ്പത്തികശേഷിയുള്ളവർക്ക് സംഭാവനയും നൽകാം. പത്തുമാസമായി മികച്ച രീതിയിലാണ് 'കലവറ'യുടെ പ്രവർത്തനം. മാസം 40,000 രൂപവരെ ചെലവുണ്ട്. മഹല്ലിലെ കുറച്ചുപേർ നൽകുന്ന വരിസംഖ്യയാണ് വരുമാനമാർഗം. 50 മുതൽ 1000 രൂപവരെ മാസം നൽകുന്നവരുണ്ട്.

ആവശ്യക്കാർ കൂടി

സൗജന്യ കിറ്റ് വിതരണം നിർത്തിയതോടെ കലവറയിൽ ആവശ്യക്കാർ കൂടി. ഗ്രാമക്കാർക്ക് ആവശ്യമുള്ള കാലത്തോളം ഇതു തുടരും. മൂന്നുലക്ഷത്തിന്റെ സാധനങ്ങൾ ഇതുവരെ ലഭ്യമാക്കി. നവംബറിൽ 33,711 രൂപയാണ് ചെലവ്.

പെരിഞ്ചീരി മുഹമ്മദലി

(വെള്ളാട്ടുപറമ്പ് മസ്ജിദുന്നൂർ മഹല്ല് സെക്രട്ടറി)