മലപ്പുറം : കോഴിക്കോട് വിമാനത്താവളത്തിൽ ടെർമിനലിനുമുന്നിൽ വാഹനംനിർത്താനുള്ള സമയം വർധിപ്പിക്കണമെന്ന് മലപ്പുറം ചേംബർ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു.

ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ അനുവദിച്ച സമയം മൂന്ന് മിനിറ്റിൽനിന്ന് ആറുമിനിറ്റായി ഉയർത്തിയിട്ടുണ്ട്.

എന്നാൽ പ്രവേശന കവാടത്തിൽനിന്ന് പാസ് എടുത്ത് ഡ്രോപ്പിങ്, പിക്കിങ് പോയിന്റിൽ എത്താൻ ആറ്‌ മിനിറ്റിലധികം എടുക്കും.

ഈ ആറ്‌ മിനിറ്റിനുള്ളിൽ യാത്രക്കാർ കാറിൽകയറണം, യാത്ര പോകുന്നവരെങ്കിൽ കാറിൽനിന്ന് ഇറങ്ങണം, ലഗേജ് കയറ്റുകയും ഇറക്കുകയും വേണം. ഇത് പ്രായോഗികമല്ലാത്തതിനാൽ വിഷയത്തിൽ പുനഃപരിശോധന വേണം.

യു.എ.ഇ. പോലുള്ള ചില രാജ്യങ്ങളിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കും തിരിച്ചും യാത്രചെയ്യുന്നവർക്ക് വിമാനത്താവളത്തിലെ റാപ്പിഡ് ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് അമിതചാർജ് ഈടാക്കുന്നതായും ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ ആരോപിച്ചു.

പത്രസമ്മേളനത്തിൽ ചേംബർ പ്രസിഡന്റ് കെ.വി. അൻവർ, സെക്രട്ടറി കെ.പി. റിയാസ് ബാബു, ട്രഷറർ അബ്ദുൽസലീം കാരാട്ട്, വൈസ് പ്രസിഡന്റ് കെ.ടി. മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.