നിലമ്പൂർ : മദ്രസാധ്യാപകന്റെ മർദനത്തെത്തുടർന്ന് രണ്ടു കുട്ടികൾക്ക് പരിക്ക്. ചാലിയാർ പഞ്ചായത്തിലെ വെട്ടേക്കോട് മദ്രസയിൽ പഠിക്കുന്ന എട്ടുവയസ്സുകാരായ ആൺകുട്ടിക്കും പെൺകുട്ടിക്കുമാണ് മർദനമേറ്റത്. കുട്ടികളുടെ കാലുകളിൽ അടിയേറ്റ പാടുകളും വ്യക്തമാണ്. നിലമ്പൂർ പോലീസ് കേസെടുത്തു. മദ്രസ അധ്യാപകനായ റഫീഖിനെതിരേയാണ് നിലമ്പൂർ പോലീസ് കേസെടുത്തത്. ഇതിനുപിന്നാലെ ഇയാൾ ഒളിവിൽ പോയെന്നാണ് റിപ്പോർട്ട്. ഇയാൾക്കെതിരേ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഖുർആൻ പാഠങ്ങൾ പഠിക്കാത്തതിനു മർദിച്ചെന്ന് പെൺകുട്ടി അധ്യാപകന്റെ പേരെടുത്തുപറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

കാലിൽ അടിയേറ്റ പാടുകളും വ്യക്തമാണ്. ചൂരൽ ഉപയോഗിച്ചാണ് മർദിച്ചതെന്നു വ്യക്തമാകുന്നതാണ് ദൃശ്യങ്ങൾ. കുട്ടികളെ നേരത്തേയും റഫീഖ് മർദിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടന്നെങ്കിലും സമൂഹമാധ്യമങ്ങൾ വഴി ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് പോലീസ് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്. മുൻപും ഇയാളിൽനിന്ന് കുട്ടികൾക്ക് മർദനമേറ്റിരുന്നതായി ചില രക്ഷിതാക്കളും പറയുന്നു.