കോഴിക്കോട് : എസ്.കെ. പൊറ്റെക്കാട്ടിന്റെ സ്മരണയ്ക്കായി അവാർഡ് സമിതി ഏർപ്പെടുത്തിയ 28-ാമത് സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. തച്ചിലോട്ട് നാരായണൻ രചിച്ച ‘കുറിച്യരും കുറുമരും’ എന്ന ആദിവാസികളുടെ ചരിത്ര ഗ്രന്ഥത്തിനും ഡോ. കെ. ശ്രീകുമാർ രചിച്ച ‘ബാലകഥാസാഗരം’ എന്ന ബാലസാഹിത്യ സമാഹാരത്തിനും മെഡിക്കൽ കോളേജിലെ അനാട്ടമി പ്രൊഫ. ഡോ. പി.ആർ. ആശാലത ജയകുമാറിന്റെ ‘കൈലാസ് മാനസരോവർ നേപ്പാൾ യാത്ര’ എന്ന യാത്രാവിവരണത്തിനുമാണ് അവാർഡ്.

പ്രത്യേക പ്രോത്സാഹനസമ്മാനം അത്തോളി വേളൂർ ഗവ. യു.പി.സ്കൂൾ ഏഴാംതരം വിദ്യാർഥി ധ്യാൻചന്ദ് രചിച്ച ‘പുഞ്ചേരി കനാലിലെ പാമ്പ്’ എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു.

25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. പോൾ മണലിൽ, ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, ജോൺ അഗസ്റ്റിൻ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുസ്തകങ്ങൾ തിരഞ്ഞെടുത്തത്. 14-ന് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അവാർഡ് സമ്മാനിക്കും. മലയാളസർവകലാശാല വൈസ്ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പ്രശസ്തിപത്രം സമർപ്പിക്കും.