എരമംഗലം : ബിയ്യം റഗുലേറ്റർ കം-ബ്രിഡ്‌ജിന്റെ ഷട്ടറുകൾക്കിടയിലൂടെ ഉപ്പുവെള്ളം പൊന്നാനി കോൾ പാടത്തേക്ക് കയറി. ചൊവ്വാഴ്ച മൂന്നിനാണ് സംഭവം.

കുറച്ചുദിവസങ്ങളായി ബിയ്യം ലോക്കിന്റെ രണ്ട്‌ ഷട്ടറുകൾക്കിടയിൽ ചണ്ടി കുടുങ്ങിക്കിടന്നിരുന്നു. ഈ ഭാഗങ്ങളിലൂടെ ചെറിയരീതിയിൽവെള്ളം കോൾപ്പടവിലേക്ക് കയറുകയുമുണ്ടായി. ഇതേത്തുടർന്ന് ചൊവ്വാഴ്ച മൂന്നിന് ഇറിഗേഷൻ വകുപ്പ് അധികൃതർ ചണ്ടിനീക്കാൻ രണ്ട്‌ ഷട്ടറുകളും ഉയർത്തി. ഉയർത്തിയ ഷട്ടർ ബിയ്യം കായലിൽനിന്ന് വെള്ളത്തിന്റെ കുത്തൊഴുക്കുമൂലം താഴ്ത്താനായില്ല. ഇതോടെ നൂറാടി തോട്ടിലേക്ക് ഉപ്പുവെള്ളം കയറുകയായിരുന്നു.

ബിയ്യം റഗുലേറ്റർ കം-ബ്രിഡ്‌ജിനോട് ചേർന്നുള്ള പൊന്നാനി കോൾപ്പടവിലെ മുല്ലമാട്, അയിലക്കാട് തുടങ്ങിയ പാടശേഖരങ്ങളിലെ കർഷകർ ഇതോടെ ആശങ്കയിലാണ്. കൃഷി ഉണങ്ങിപ്പോകാൻ സാധ്യത ഏറെയാണെന്നതാണ് അവരെ അലട്ടുന്നത്. പരിശ്രമത്തിനൊടുവിൽ വൈകുന്നേരം ആറുമണിയോടെ രണ്ട്‌ ഷട്ടറുകളും താഴ്ത്തി. ഇതോടെ ഉപ്പുവെള്ളം കയറുന്നതും നിലച്ചു.

മുല്ലമാട്, അയിലക്കാട് തുടങ്ങിയ കോൾപ്പടവുകളിലെ നെൽക്കൃഷിയുടെ പ്രധാന ജലസംഭരണിയാണ് നൂറാടിത്തോടും ആളംദ്വീപ്, അയിനിച്ചിറകെട്ട് എന്നിവയും. ബിയ്യം ഷട്ടർ തുറന്നതുമൂലം വലിയരീതിയിൽ ഉപ്പുവെള്ളം ഇവിടെങ്ങളിലേക്ക് കയറിയിട്ടുണ്ട്. ഈ വെള്ളം കൃഷിക്ക്‌ ഉപയോഗിക്കാനാവില്ല.

താങ്ങാനാകില്ല, ഈ നഷ്ടം

:ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടാവുക. കർഷകർക്കിത് താങ്ങാനാകില്ല.

മുബീൻ

സെക്രട്ടറി

മുല്ലമാട് കോൾ പാടശേഖരസമിതി.