മഞ്ചേരി : ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനഘട്ടത്തിൽ മദ്രാസ് അസംബ്ലിയിലുൾപ്പെട്ട ദ്വയാംഗ മണ്ഡലമായിരുന്നു മലപ്പുറം. മഞ്ചേരിയും ഇതിൽ ഉൾപ്പെട്ടിരുന്നു. 1946-ൽ കെ.എം. സീതിസാഹിബും കൊയപ്പത്തൊടി അഹമ്മദ് ഹാജിയും തിരഞ്ഞെടുക്കപ്പെട്ടു. അഹമ്മദ്കുട്ടി ഹാജിയുടെ മരണത്തെത്തുടർന്ന് 1950-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മഞ്ചേരിയിലെ എം.പി.എം. ഹസൻകുട്ടി കുരിക്കൾ വിജയിച്ചു. 1952-ൽ കെ.എം. സീതിസാഹിബും എം. ചടയനും തിരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന രൂപവത്കരണത്തിനുശേഷം 1957-ലാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. അപ്പോഴും രണ്ട് ജനപ്രതിനിധികളുണ്ടായിരുന്നു മഞ്ചേരിയിൽ. കോൺഗ്രസിലെ പി.പി. ഉമ്മർകോയ മുസ്‌ലിംലീഗിന്റെ നീലാമ്പ്ര മരയ്ക്കാർ ഹാജിയെ തോൽപ്പിച്ചു. മുസ്‍ലിംലീഗിന്റെ എം. ചടയൻ കോൺഗ്രസിന്റെ ചെറിയകാരിക്കുട്ടിയെയും തോൽപിച്ചു. ഇ.എം.എസ്. മന്ത്രിസഭ പിരിച്ചുവിട്ടതിനെത്തുടർന്നുണ്ടായ ഇടക്കാല തിരഞ്ഞെടുപ്പിൽ പി.പി. ഉമ്മർകോയയും എം. ചടയനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1961-ലും 1971-ലും മണ്ഡലപുനർനിർണയമുണ്ടായി. 2011-ൽ മഞ്ചേരി നഗരസഭ, തൃക്കലങ്ങോട്, പാണ്ടിക്കാട്, കീഴാറ്റൂർ, എടപ്പറ്റ പഞ്ചായത്തുകളെ ചേർത്ത് മണ്ഡലം വീണ്ടും പുതുക്കി.

സി.എച്ചിന് വിടനൽകിയ മണ്ഡലം

തിരഞ്ഞെടുപ്പ് ചരിത്രത്തിൽനിന്ന് മഞ്ചേരിയെ മായ്ച്ചുകളയാനാവാത്തവിധം രണ്ട്‌ അടയാളപ്പെടുത്തലുകളുണ്ട്. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയ അവസാനം പ്രതിനിധീകരിച്ച മണ്ഡലമെന്നതാണ് ശ്രദ്ധേയം. 1980-ലും 1982-ലും മഞ്ചേരിയിൽ ജയിച്ചു. കരുണാകരൻ മന്ത്രിസഭയിൽ ഉപ മുഖ്യമന്ത്രിയായിരിക്കുമ്പോൾ 1983-സെപ്തംബർ 28-നാണ് സി.എച്ച്. മരിച്ചത്. സി.എച്ചിന്റെ നിര്യാണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ 1984-ൽ മഞ്ചേരി നഗരസഭാചെയർമാനായിരുന്ന എം.പി.എം. ഇസ്ഹാഖ് കുരിക്കൾ വിജയിച്ചു.

ജയിച്ചിട്ടും സഭകാണാത്ത ഉത്തമൻ

ജയിച്ചിട്ടും സത്യപ്രതിജ്ഞചെയ്യാൻ കഴിയാത്ത ഒരു ജനപ്രതിനിധി മഞ്ചേരിയുടെ ചരിത്രത്തിലുണ്ട്. 1965-ൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ പിരിച്ചുവിട്ടതിനാൽ ഇടതുസ്വതന്ത്രനായി വിജയിച്ച യു. ഉത്തമനാണ് സഭയിലെത്താനാവാതെ പോയത്. കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലുമുണ്ടായ പിളപ്പിനുശേഷമുള്ള ആദ്യതിരഞ്ഞെടുപ്പായിരുന്നു അത്. സി.പി.എം, മുസ്‍ലിംലീഗ്, സംയുക്ത സോഷ്യലിസ്റ്റുപാർട്ടി എന്നിവർ ഒരു വശത്തും കോൺഗ്രസും കേരളാ കോൺഗ്രസും വേറിട്ടും മത്സരിച്ചു. മഞ്ചേരി നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായും അവസാനമായും ഇടത് അംഗം ജയിച്ചത് ഈ തിരഞ്ഞെടുപ്പിലാണ്. തയ്യാറാക്കിയത്-എസ്.എസ്. സുമേഷ്‌കുമാർ