നിലമ്പൂർ : കോവിഡിന്റെ മറവിൽ സമൂഹവിരുദ്ധർ നിലമ്പൂരിലെ ആളൊഴിഞ്ഞ കെട്ടിടങ്ങൾ മറയാക്കി ലഹരിവസ്തുക്കൾ ഉൾപ്പെടെ വില്പന നടത്തുന്നു. പരാതി വ്യാപകമായതിനെത്തുടർന്ന് പോലീസ് പരിശോധന ഊർജിതമാക്കി. വ്യാപാര സ്ഥാപനങ്ങൾ, അടഞ്ഞുകിടക്കുന്ന കച്ചവട സ്ഥാപനങ്ങൾ എന്നിവയുടെ പിൻഭാഗം കേന്ദ്രീകരിച്ചാണ് രാത്രിയും പകലും ഭേദമില്ലാതെ ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നത്. തിങ്കളാഴ്ച 11 മണിയോടെ നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

നിലമ്പൂർ : ചാലിയാർപ്പുഴ ചീനിക്കടവിൽ സംരക്ഷണഭിത്തി നിർമാണം സംബന്ധിച്ച് മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി നഗരസഭാധ്യക്ഷനും എൻജിനീയറിങ് വിഭാഗവും കടവു സന്ദർശിച്ച് സ്ഥലം അളന്നു. കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലത്ത് അന്ന് ഡിവിഷൻ കൗൺസിലറായിരുന്ന നിലവിലെ ഉപാധ്യക്ഷൻ അരുമ ജയകൃഷ്ണൻ, അന്നത്തെ ജലസേചന വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടതെന്ന് നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം പറഞ്ഞു.