നിലമ്പൂർ : ചാലിയാർപുഴയുടെ നിലമ്പൂരിലെ പാറക്കടവിൽ മലവെള്ളപ്പാച്ചിലിൽ വന്നടിഞ്ഞ കൂറ്റൻ പാഴ്‍മരം മുറിച്ചുനീക്കി. നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, പനയങ്കോട് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ പി.എൻ. സജീവൻ എന്നിവരുടെ സാന്നിധ്യത്തിൽ എമർജൻസി റസ്‌ക്യു ഫോഴ്‌സ് (ഇ.ആർ.എഫ്) വൊളന്റിയർമാരാണ് മരം മുറിച്ചു മാറ്റിയത്.

ദിവസങ്ങൾക്കുമുമ്പ് ഉണ്ടായ കനത്തമഴയിലാണ് ചാലിയാറിലൂടെ പാഴ്‌മരം ഒഴുകിയെത്തിയത്. മരം മുറിച്ച് നീക്കിയില്ലെങ്കിൽ മഴ വീണ്ടുമുണ്ടായാൽ ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഭാഗത്ത് തടയാൻ സാധ്യതയുണ്ടെന്നുള്ള ആശങ്കയെത്തുടർന്നാണ് നടപടി വേഗത്തിലാക്കിയത്. വൊളന്റിയർമാരായ കെ.എം. അബ്ദുൾ മജീദ്, ഷംസുദ്ദിൻ കൊളക്കാടൻ, പി.ടി. റംസാൻ, പി.പി. ഷാഹിൻ, കെ.സി. ഷബീറലി, കെ.എച്ച്. ഷാഹബൻ കേഹത്ത്, ആനന്ദ്, അതുൽ പ്രസാദ്, വിപിൻ പോൾ, നഗരസഭാംഗം റഹ്‌മത്തുള്ള എന്നിവർ പങ്കെടുത്തു.