പരപ്പനങ്ങാടി : കോവിഡ് പരിശോധനാക്യാമ്പുകൾ കൂടുതലായി ഗ്രാമീണമേഖലകളിലേക്കു വ്യാപിപ്പിച്ച് കോവിഡ് പ്രതിരോധമാർഗം സ്വീകരിച്ചതോടെ പരപ്പനങ്ങാടിയിൽ ടി.പി.ആർ. ഗണ്യമായി കുറയുന്നു. നേരത്തേ ടി.പി.ആർ. കണക്കുപ്രകാരം ഡി-സോണിലായിരുന്ന നഗരസഭയിൽ ഇപ്പോൾ ടി.പി.ആർ. 7.14 ആണ്. ഗ്രാമീണമേഖലയിൽ ഒരാഴ്ച നീണ്ട പ്രവർത്തനമാണ് പരപ്പനങ്ങാടി നഗരസഭയ്ക്ക് കോവിഡിൽനിന്നു മോചനം നൽകുന്നത്.

281 രോഗികളാണ് നിലവിൽ പരപ്പനങ്ങാടി നഗരസഭയിലുള്ളത്. തിങ്കൾ മുതൽ വെള്ളി വരെ എല്ലാദിവസവും കോവിഡ് പരിശോധനാക്യാമ്പുകൾ നടക്കുന്നുണ്ട്. പത്തിലധികം കോവിഡ് രോഗികളുള്ള ഡിവിഷനുകളിൽ പ്രത്യേക പരിശോധനാക്യാമ്പുകൾ നടത്തുന്നു. നിലവിൽ ഗ്രാമീണമേഖലകളെ കേന്ദ്രീകരിച്ചാണ് പരിശോധന വ്യാപിപ്പിക്കുന്നത്. എന്നാൽ ഇവിടെ സ്ത്രീകൾ പരിശോധനയ്ക്കെത്തുന്നത് കുറഞ്ഞതോടെ കുടുംബശ്രീ, ആശാപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾകയറി നടത്തിയ പ്രവർത്തനം വിജയംകണ്ടു.

വ്യാപാരികൾക്കും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുന്നുണ്ട്. . മത്സ്യബന്ധനത്തിനും അനുബന്ധ തൊഴിലിനും പരപ്പനങ്ങാടി നഗരസഭാപരിധിയിലെ കടൽത്തീരങ്ങളിലെത്തുന്നവർക്കും കനത്ത ജാഗ്രതാനിർദേശങ്ങൾ നൽകുന്നുണ്ട്. നഗരസഭ, ആരോഗ്യപ്രവർത്തകർ, പോലീസ്, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ആശാപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകളും പ്രതിരോധപ്രവർത്തനങ്ങളും നടത്തുന്നത്. ആനപ്പടി ജി.എൽ.പി. സ്‌കൂളിൽ ചൊവ്വാഴ്ച രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ പരിശോധന നടക്കും.

കോവിഡിനെ തുരത്താൻ ഗ്രാമീണമേഖലകളിൽ നടത്തിയ പരിശോധനകൾ വിജയംകണ്ടിരിക്കുകയാണെന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.പി. ഷാഹുൽഹമീദ് പറഞ്ഞു. ടി.പി.ആറിൽ വലിയ മാറ്റംവരുത്താൻ ഒരാഴ്ചകൊണ്ട് സാധിച്ചു. ജാഗ്രതവിടാതെ പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.