മക്ക : ഈവർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിന് ഞായറാഴ്ച പരിസമാപ്തിയായി.
ഹജ്ജിനെത്തിയ എല്ലാ തീർഥാടകരും മിനായിൽനിന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് മൂന്ന് ജംറകളിൽ അവസാന കല്ലേറുകർമവും പൂർത്തിയാക്കി മക്കയിലെ വിശുദ്ധ ഹറം പള്ളിയിലെത്തി ‘ത്വവാഫുൽ വിദാഹ്’ (വിടവാങ്ങൽ പ്രദക്ഷിണം) പൂർത്തിയാക്കിയത്. ഇതോടെ ഈ വർഷത്തെ ഹജ്ജിന് പരിസമാപ്തിയായി.
മിനായിലെ കല്ലേറുകർമം കഴിഞ്ഞ് വൈകുന്നേരം നാലിന് ശേഷമായിരുന്നു ഹാജിമാർ വിടവാങ്ങൽ ത്വവാഫിന് എത്തിയതെന്ന് ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മിഷാത്ത് അറിയിച്ചു.
വിടവാങ്ങൽ ത്വവാഫ് പൂർത്തിയാക്കിയതിനുശേഷം മക്കയിൽനിന്ന് മടങ്ങുംമുമ്പ് എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഹാജിമാരെ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കി. പിന്നീട് അവർ അവരവരുടെ വീടുകളിൽ ക്വാറന്റീനിൽ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹജ്ജിന്റെ ഭാഗമായ ത്വാവാഫിന് സ്വീകരിച്ച അതേ മാർഗമായിരുന്നു വിടവാങ്ങൽ ത്വവാഫിനും സ്വീകരിച്ചത്. ഓരോ സംഘം ഹാജിമാർക്കും പള്ളിക്കകത്തേക്ക് കടക്കുന്നതിനും ത്വവാഫ് ചെയ്യുന്നതിനും മടങ്ങിപ്പോകുന്നതിനും ഹറം പള്ളിയിൽ നിശ്ചിത ട്രാക്കുകൾ ഒരുക്കിയിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ നടത്തിയ ഈ വർഷത്തെ ഹജ്ജ് കർമത്തിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമാണ് അവസരം ലഭിച്ചത്. ഇതിനായി ഹറം പള്ളി, മിനാ, മുസ്ദലിഫ, അറഫാ, ജമറാത്ത് ടെന്റുകൾ എന്നിവിടങ്ങളിൽ മുമ്പെങ്ങുമില്ലാത്തവിധം സുരക്ഷയും സംവിധാനങ്ങളുമാണ് സജ്ജീകരിച്ചിരുന്നത്.