എരമംഗലം : മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുൻ അധ്യക്ഷനും സി.പി.എം. പൊന്നാനി ഏരിയാകമ്മിറ്റി മുൻ അംഗവും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം. വിജയൻ ഉൾപ്പെടെ നൂറോളം കുടുംബങ്ങൾ സി.പി.ഐയിൽ ചേർന്നു.
ഞായറാഴ്ച മാറഞ്ചേരിയിൽനടന്ന ചടങ്ങിൽ വിജയന് പുറമെ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുൻ അംഗമായിരുന്ന സി.സി. നജീബ്, ജീവകാരുണ്യ പ്രവർത്തകനായ പ്രഗിലേഷ് എരമംഗലം, സാമൂഹിക പ്രവർത്തകനായ രുദ്രൻ വാരിയത്ത്, ഷാജി കുനിയത്ത്, പൂക്കയിൽ അബൂബക്കർ, പി.വി. മുബീൽ, പി.വി. ഗഫൂർ, സി.പി. ശറഫുദ്ദീൻ, കവളങ്ങാട്ട് അബൂബക്കർ എന്നിവർക്ക് സ്വീകരണം നൽകി.
എം. വിജയൻ, സി.പി.എം. മാറഞ്ചേരി ലോക്കൽസെക്രട്ടറി, കർഷകസംഘം പൊന്നാനി ഏരിയാസെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിരുന്നു. 1983 -ൽ മാറഞ്ചേരിയിൽ ഡി.വൈ.എഫ്.ഐയ്ക്ക് യൂണിറ്റ് കമ്മിറ്റി രൂപവത്കരിച്ചതും മാറഞ്ചേരിയിൽ സ്വന്തമായി പാർട്ടി ആസ്ഥാനം നിർമിച്ചതും വിജയന്റെ നേതൃത്വത്തിലായിരുന്നു. 2010 -ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജകമണ്ഡലത്തിലെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളും യു.ഡി.എഫ്. നേടിയപ്പോൾ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്. 2010 -ലെ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ അധ്യക്ഷനായി.
2014 -ൽ പാലപ്പെട്ടിയിൽനടന്ന സി.പി.എം. പൊന്നാനി ഏരിയാസമ്മേളനത്തിലെ വിഭാഗീയതമുതലാണ് വിജയൻ പാർട്ടിയുമായി അകലാൻ തുടങ്ങിയത്. 2015 -ൽ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുകയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടും പ്രസിഡൻറ്് സ്ഥാനത്തേക്ക് മതപരമായ കാര്യങ്ങൾ പറഞ്ഞ് തഴഞ്ഞത് തന്നെ അദ്‌ഭുതപ്പെടുത്തിയതായും വിജയൻ പറയുന്നു.
മാറഞ്ചേരിയിൽനടന്ന സ്വീകരണത്തിൽ സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.പി. സുനീർ പാർട്ടിയിൽ ചേർന്നവരെ പാർട്ടി പതാക നൽകി സ്വീകരിച്ചു. ജില്ലാസെക്രട്ടറി പി.കെ. കൃഷ്‌ണദാസ്, അസിസ്റ്റൻറ്് സെക്രട്ടറി അജിത് കൊളാടി, പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ, എ.ഐ.വൈ.എഫ്. ജില്ലാസെക്രട്ടറി എം.കെ. മുഹമ്മദ് സലീം, സുബൈദ ബക്കർ, മാറഞ്ചേരി ലോക്കൽ സെക്രട്ടറി രാജൻ കുമ്പളത്ത്, മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്് സ്മിത എന്നിവർ പ്രസംഗിച്ചു.