പൊന്നാനി : തെരുവുനായക്കളുടെ വിളയാട്ടംമൂലം ഭിതിയിലായ നാട്ടുകാർക്ക് ആശ്വസിക്കാം. രണ്ടാംഘട്ട തെരുവുനായ നിയന്ത്രണപരിപാടി തുടങ്ങി. ഇതിന്റെ ഭാഗമായി കോഴിക്കോട്ടുനിന്നുമുള്ള നാലംഗസംഘം പൊന്നാനിയിലെത്തി തെരുവുനായക്കളെ പിടികൂടി തുടങ്ങി.

പിടികൂടിയ നായ്‌ക്കളെ വന്ധ്യംകരണ കേന്ദ്രത്തിലെത്തിച്ച് വാക്‌സിനേഷൻ നൽകുന്നതാണ് പദ്ധതി. നഗരസഭയിൽ ഹ്യൂമൺ സൊസൈറ്റി ഇന്റർനാഷണലിലെ ഏഴംഗസംഘം മുൻപ് എത്തുകയും നായക്കളെ പിടികൂടുകയും ചെയ്തിരുന്നു. പിടികൂടി വന്ധീകരണം നടത്തിയശേഷം തിരികെ വിട്ടയക്കുന്നതായിരുന്നു പദ്ധതി. മൂന്നുമാസം വന്ധീകരണ പ്രവർത്തനങ്ങൾ നടക്കുമെന്ന് അറിയിച്ചിരുന്നതെങ്കിലും രണ്ടുമാസം കഴിഞ്ഞപ്പോഴേയ്ക്കും തെരുവുനായ്ക്കളെ കിട്ടാനില്ലെന്ന കാരണമുന്നയിച്ച് സംഘം മടങ്ങി.

ജില്ലാ പഞ്ചായത്തിനുകീഴിൽ തെരുവുനായ്‌ക്കളെ വന്ധീകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള പദ്ധതികൾ തുടങ്ങിയിട്ടും പൊന്നാനി നഗരസഭയിൽ തെരുവുനായ്‌ക്കളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. തെരുവ്‌നായ്‌ക്കൾ പെരുകിയതോടെയാണ് ഇപ്പോൾ രണ്ടാംഘട്ടം തുടങ്ങിയത്.