പെരിന്തൽമണ്ണ : കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ആന്റിജെൻ മെഗാ ക്യാമ്പുകളുമായി പെരിന്തൽമണ്ണയിലെ വ്യാപാരി സംഘടനകൾ.

നാലുദിവസങ്ങളിലെ ക്യാമ്പുകളിൽ 1610 പേർക്കാണ് പരിശോധന നടത്തിയത്. ഞായറാഴ്ച 510 പേർക്ക് നടത്തിയ പരിശോധനയിൽ ഏഴുപേർക്ക് രോഗബാധ കണ്ടെത്തി.

പെരിന്തൽമണ്ണ വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി എന്നിവ നഗരസഭയുടെയും പോലീസിന്റെയും സഹകരണത്തോടെയാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്.

സമ്പൂർണ ലോക്ഡൗൺ ദിവസങ്ങളായ ശനിയാഴ്ചയും ഞായറാഴ്ചയും നഗരത്തിലെത്തിയവർക്കും വാഹനങ്ങളിൽ പോകുന്നവർക്കും പരിശോധന നടത്തി. നഗരസഭാ വ്യാപാരസമുച്ചയത്തിൽ ഒരുക്കിയ ക്യാമ്പിലാണ് വാഹനങ്ങളിലെത്തുന്നവരെ പരിശോധനയ്ക്കു വിധേയമാക്കിയത്.

നാലുദിവസങ്ങളായി തുടരുന്ന ക്യാമ്പ് ചൊവ്വാഴ്ച സമാപിക്കും.