അരീക്കോട് : അരീക്കോട് ടൗണിലൂടെ കടന്നുപോകുന്ന കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയുടെ വികസനത്തിനുവേണ്ടി പൊന്നിൻവിലയുള്ള ഭൂമി വിട്ടുനൽകാൻ തയ്യാറായി അരീക്കോട്ടെ മൂന്ന് മുസ്‍ലിംപള്ളികൾ. 150-ൽപ്പരം വർഷത്തെ പഴക്കമുള്ള വാഴയിൽ പള്ളി അതിന്റെ സ്വന്തംകെട്ടിടം തന്നെ പൊളിച്ചുനീക്കിയാണ് റോഡിനുവേണ്ടി സ്ഥലം നൽകുന്നത്. ഹൈവേ നവീകരണപദ്ധതി പ്രഖ്യാപിച്ച ഘട്ടത്തിൽത്തന്നെ റോഡ് വീതികൂട്ടുന്നതിന് സഹകരണംതേടി പി.കെ. ബഷീർ എം.എൽ.എ. തങ്ങളെ സമീപിച്ചിരുന്നുവെന്നും ആ ഘട്ടത്തിൽത്തന്നെ ആവശ്യമായ സ്ഥലം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചിരുന്നുവെന്നും പള്ളിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന അരീക്കോട് ജംഇയ്യത്തുൽ മുജാഹിദീൻ പ്രസിഡന്റ് എൻ.വി. അബ്ദുറഹിമാൻ പറഞ്ഞു.

100 വർഷത്തിലേറെ പഴക്കമുള്ള പുത്തലം ജുമാമസ്ജിദ് കമ്മിറ്റിയും പരമാവധി സ്ഥലം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചു. അരീക്കോട് - മഞ്ചേരി, അരീക്കോട് - കൊണ്ടോട്ടി റോഡുകൾ സംഗമിക്കുന്ന തിരക്കേറിയ കവലയിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.

പള്ളിയുടെ ചെറിയമുറ്റം പൂർണമായും നഷ്ടപ്പെടുമെങ്കിലും നാടിനൊപ്പം നിൽക്കാനാണ് മഹല്ല് കമ്മിറ്റിയുടെ തീരുമാനമെന്ന് സെക്രട്ടറി മുഹമ്മദ് എന്ന നാണി പറഞ്ഞു.

പതിനേഴുവർഷം മുമ്പുമാത്രം പുതുക്കിപ്പണിത അരീക്കോട് ടൗൺ ജുമാ മസ്ജിദിന്റെ കമ്മിറ്റിയും റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം വിട്ടുകൊടുക്കാൻ തീരുമാനിച്ചു. പള്ളി പുതുക്കിപ്പണിത ഘട്ടത്തിൽ വരുമാനത്തിനുവേണ്ടി കച്ചവടസ്ഥാപനങ്ങളോ മറ്റോ നിർമിക്കണമെന്ന അഭിപ്രായം മുൻനിർത്തി മുറ്റത്തിനു വേണ്ടി നീക്കിവെച്ച സ്ഥലമാണ് ഇപ്പോൾ വിട്ടുകൊടുക്കുന്നതെന്ന് സെക്രട്ടറി കെ.പി.അബ്ദുളള മാസ്റ്റർ പറഞ്ഞു.

അങ്ങാടിയിലെ വിവിധ കെട്ടിട ഉടമകളും കച്ചവടക്കാരും വൈ.എം.എ., വൈ. എം.ബി. തുടങ്ങിയ സാംസ്കാരിക സ്ഥാപന ഭാരവാഹികളും റോഡ് വികസനവുമായി സഹകരിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.

പി.കെ ബഷീർ എം.എൽ.എയുടെ നിർദേശപ്രകാരം കഴിഞ്ഞദിവസം അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അബ്ദുഹാജിയുടെ അധ്യക്ഷതയിൽച്ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമധാരണ ഉണ്ടായത്. വികസന സ്ഥിരംസമിതി അധ്യക്ഷൻ സി. സഹൂദ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ നൗഷർ കല്ലട, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വൈ.പി. സുലൈഖ എന്നിവരും കച്ചവടക്കാർ, കെട്ടിട ഉടമകൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.