നിലമ്പൂർ : വനംവകുപ്പ് ജീവനക്കാർക്ക് പി.പി.ഇ. കിറ്റ് അനുവദിക്കണമെന്നാവശ്യം ശക്തം. ജില്ലയിൽ കോവിഡ് 19 രോഗികളുടെ എണ്ണം അനുദിനം വർധിക്കുകയും ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണംകൂടുമ്പോഴും ഒരു സുരക്ഷയുമില്ലാതെ ജോലിചെയ്യുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. വനം കേസുകളിൽ പ്രതികളെ അറസ്റ്റു ചെയ്യുമ്പോഴും പ്രതികളുമായി കോടതിയിലേക്ക് പോകുമ്പോഴുമെല്ലാം വനപാലകർക്ക് ആകെയുള്ളത് മാസ്കുകൾ മാത്രമാണ്.

ഡിവിഷനുകളിൽനിന്നും റെയ്ഞ്ചുകളിൽനിന്നും വിവിധ ആവശ്യങ്ങൾക്കായി നിരവധി ആളുകളാണ് വനംവകുപ്പിന്റെ വിവിധ സ്റ്റേഷനുകളിലേക്ക് എത്തുന്നത്. ഇതും ജീവനക്കാരുടെ ആശങ്ക വർധിപ്പിക്കുകയാണ്.