പുലാമന്തോൾ : കൊളത്തൂർ റോഡിൽ പാലൂർ മുതൽ ചെമ്മലശ്ശേരി രണ്ടാം മൈൽ വരെയുള്ള തെരുവുവിളക്കുകൾ കത്തുന്നില്ല. മാസങ്ങളായുള്ള അവസ്ഥക്ക് മാറ്റംവന്നിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

പാലൂർ ടൗണിലെ ചില തെരുവുവിളക്കുകളൊഴികെ മറ്റൊന്നും തെളിയാത്തത് ആളുകൾക്ക് വിവിധ തരത്തിലുള്ള പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ പ്രദേശത്തെ റോഡ് തകർന്ന് രൂപപ്പെട്ട വലിയ കുഴികളിൽ വാഹനങ്ങൾ വീഴുന്നത് പതിവുകാഴ്ചയാണ്. രാത്രിയിൽ വെളിച്ചം കൂടിയില്ലാതാകുമ്പോൾ അപകടവും കൂടുന്നു. പാലൂരിൽനിന്ന് വടക്കൻ പാലൂരിലേക്ക് റോഡ് തിരിയുന്ന ഇടം, ആലമ്പാറയിൽ നിന്ന് വടക്കൻ പാലൂരിലേക്ക് റോഡ്‌ ചേരുന്ന പ്രദേശം തുടങ്ങിയ സ്ഥലങ്ങളിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൂടാതെ തെരുവുനായ്‌ക്കളുടെ ശല്യം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാണ്. സമൂഹവിരുദ്ധരുടെ ശല്യവും പ്രദേശത്ത് കൂടിവരുന്നതായി ആളുകൾ പരാതിപ്പെടുന്നു. പഞ്ചായത്തധികൃതരുടെ ഭാഗത്തുനിന്ന് വേഗത്തിലുള്ള പരിഹാരമുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.