നിലമ്പൂർ: നിലമ്പൂർ നഗരത്തിലൂടെ പോകുന്ന കെ.എൻ.ജി. റോഡ് പലസ്ഥലങ്ങളിലും തകർന്നിട്ട് വർഷങ്ങളായി. ഇതൊരു നഗരത്തിന്റെ ആസ്ഥാനമല്ലേ, ഇവിടെയെങ്കിലും റോഡൊന്നു നന്നാക്കിക്കൂടെ എന്നു ചോദിക്കുന്നവർ ധാരാളമാണ്. പക്ഷേ, ഒരു മാറ്റവുമില്ല. എപ്പോഴെങ്കിലും ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതുപോലെ അൽപ്പം മെറ്റലും ടാറും ഉപയോഗിച്ച് ഒന്ന് 'വീശി'പ്പോകും. ഏതാനും ദിവസംമാത്രം റോഡ് നന്നാകും. വീണ്ടും പഴയപോലെ. ഇതിനൊക്കെ എന്നാണൊരു മാറ്റം എന്ന് അധികൃതരോട് ചോദിച്ചാലും ഉത്തരം ലഭിക്കില്ല. ഉടനെയുണ്ടാവും, നോക്കട്ടെ എന്നൊക്കെയുള്ള സ്ഥിരം മറുപടികൾ തന്നെ.

കരിമ്പുഴ മുതൽ വടപുറം വരെയുള്ള സ്ഥലത്തുകൂടിയാണ് നിലമ്പൂർ നഗരസഭയിൽ കെ.എൻ.ജി. റോഡുള്ളത്. ഇതിൽ കരിമ്പുഴ മുതൽ ചന്തക്കുന്നു വരെ വലിയ കുഴപ്പമില്ല. ചന്തക്കുന്നു മുതൽ വടപുറം വരെ ഇടവിട്ട സ്ഥലങ്ങളിൽ കുഴികൾതന്നെ. ഈ മൂന്ന്, മൂന്നരക്കിലോമീറ്റർ പരിധിയിൽമാത്രം ഇരുപതിലേറെ കുഴികളാണ് കെ.എൻ.ജി. റോഡിലുള്ളത്. കുഴികളിൽ ചിലപ്പോൾ കുറച്ചു മെറ്റലിട്ട് നികത്തും. ഏതാനുംദിവസം വാഹനങ്ങൾ പോകുമ്പോൾത്തന്നെ അവിടെ വീണ്ടും കുഴികൾ രൂപപ്പെടും. ഒരു മാസം മുൻപാണ് വടപുറംപാലം കഴിഞ്ഞുള്ള സ്ഥലത്തുണ്ടായിരുന്ന വലിയ കുഴികൾ ടാറിട്ടു നികത്തിയത്. ഇപ്പോൾ അതിലും വലിയ കുഴികൾ രൂപപ്പെട്ടു തുടങ്ങി. റോഡിലെ കുഴികൾകാരണം ഇവിടെ ഗതാഗതക്കുരുക്കുണ്ടാകുന്നത് പതിവാണ്. ചന്തക്കുന്ന് അകമ്പാടം റോഡ് ജങ്ഷനിൽനിന്ന് കുഴികൾ തുടങ്ങുകയായി. ഗ്യാസ് ഓഫീസിന് മുൻപിലെത്തിയാൽ പല ഭാഗത്തായി കുഴികൾകാണാം. ചില സ്ഥലങ്ങളിൽ റോഡ് പല തട്ടിലാണുള്ളത്.

പഴയ നഗരസഭാ ഓഫീസിനു മുൻപിൽ തുടങ്ങി പോലീസ് സ്റ്റേഷന് മുൻപിൽ വരെ റോഡിന്റെ ഒരുവശത്ത് മൂന്നടിയോളംവീതിയിൽ റോഡ് ചാലായാണു കിടക്കുന്നത്. നഗരമധ്യത്തിൽ മിൽമ ബൂത്തിന് മുൻപിലും, ജി.യു.പി. സ്കൂളിന് മുൻപിലും പോലീസ് ക്യാമ്പ് റോഡിനോടു ചേർന്നും കുഴികളുണ്ട്. രാജീവ്ഗാന്ധി മിനി ബൈപ്പാസ് റോഡ് ജ്യോതിപ്പടിയിൽ ചേരുന്നിടത്ത് റോഡ് തകർന്ന് കുളംപോലെയാണ് കിടക്കുന്നത്.

ബൈപ്പാസ് റോഡ് വീട്ടിക്കുത്ത് റോഡിൽ ചേരുന്നിടത്തും അവസ്ഥ ഇതുതന്നെ. ജ്യോതിപ്പടി കഴിഞ്ഞാൽ റോഡിന്റെ അരികു തകർന്ന് വലിയ കുഴികളുണ്ട്. ഇവിടെ റോഡരികിൽ ചെറിയ വാഹനങ്ങളിറങ്ങിയാൽ അവ അപകടത്തിൽപ്പെട്ടതു തന്നെ. വടപുറം പാലത്തിനു സമീപം റോഡിലാണ് ഏറ്റവുംവലിയ കുഴികൾ. നാടുകാണി -പരപ്പനങ്ങാടി പാതയുടെ നവീകരണം നടന്നപ്പോൾ വഴിക്കടവു മുതൽ വടപുറം വരെ യാതൊരുപണിയും നടത്തിയിട്ടില്ല. ഇനി എന്നു നടക്കുമെന്ന് പറയാനും കഴിയില്ല.