മേലാറ്റൂർ : മൂന്നാഴ്ചയോളമായി മുപ്പൂട്ടിലായ മേലാറ്റൂർ ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ഗ്രാപ്പഞ്ചായത്ത് അംഗം വി.ഇ. ശശിധരന്റെ അധ്യക്ഷതയിൽ ശനിയാഴ്ച യുവജനസംഘടനകളുടെ യോഗം ചേർന്നു.

ടി.പി.ആർ. നിരക്ക് കുറയ്ക്കുന്നതിനായി യുവജനസംഘടനകളുടെ സഹകരണത്തോടെ വാർഡുകൾതോറും ആന്റിജെൻ പരിശോധനാ ക്യാമ്പുകൾ നടത്താനും ബോധവത്കരണക്യാമ്പുകൾ സംഘടിപ്പിക്കാനും ആർ.ആർ.ടി. പ്രവർത്തനം ഊർജിതമാക്കാനും തീരുമാനമായി. അതോടൊപ്പം വാക്സിൻക്ഷാമത്തെത്തുടർന്ന് നിർത്തിവെച്ച വാക്സിനേഷൻക്യാമ്പുകൾ കഴിഞ്ഞദിവസം പുനരാരംഭിച്ചു. വെള്ളി, ശനി ദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ അഞ്ച്‌ വാർഡുകളിലുള്ള 680 പേർക്ക് വാക്സിൻ നൽകി. ഇതോടെ വന്ന വാക്സിനുകൾ തീർന്നു.

വാക്സിനെത്തിയാൽ തിങ്കളാഴ്ച മുതൽ ക്യാമ്പുകൾ മുടക്കമില്ലാതെ നടക്കും. മേലാറ്റൂർ വ്യാപാരഭവനിലും സാമൂഹികാരോഗ്യകേന്ദ്രത്തിലുമായി ശനിയാഴ്ച നടത്തിയ ആന്റിജെൻക്യാമ്പിൽ 269 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. അതിൽ 50 പേർക്ക് രോഗം സ്ഥിരീകരിച്ചു. 36 പേരും മേലാറ്റൂർ സ്വദേശികളാണ്. നിലവിൽ 370 പേരാണ് പഞ്ചായത്തിൽ കോവിഡ് ബാധിതരായുള്ളത്.

പെരിന്തൽമണ്ണയിൽ മെഗാ ക്യാമ്പിൽ 2,340 പേർക്ക് വാക്സിൻ നൽകി

പെരിന്തൽമണ്ണ : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വിവിധ ആശുപത്രികളുടെ സഹകരണത്തോടെ നടത്തിയ മെഗാ കോവിഡ് വാക്സിനേഷൻ ക്യാമ്പിൽ 2,340 പേർക്ക് സൗജന്യമായി വാക്സിൻ നൽകി. കിംസ് അൽശിഫ, മൗലാന, ഇ.എം.എസ്. സഹകരണ ആശുപത്രികളുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. നഗരസഭാ പരിധിയിലെ ചുമട്ടുതൊഴിലാളികൾ, ബാർബർമാർ, ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ, മൊത്തക്കച്ചവട മാർക്കറ്റിലെ തൊഴിലാളികൾ എന്നിവർക്കാണ് വാക്സിൻ നൽകിയത്.

സർക്കാരിൽനിന്ന് ഇനിയും വാക്സിൻ ലഭിക്കുകയാണെങ്കിൽ നഗരസഭാ പരിധിയിലെ മുഴുവൻ അതിഥിത്തൊഴിലാളികൾക്കും വാക്സിൻ നൽകുമെന്ന് ഐ.എം.എ. ജില്ലാ ചെയർമാൻ ഡോ. നിലാർ മുഹമ്മദ് പറഞ്ഞു. ആശുപത്രികളിലെ ക്യാമ്പുകൾക്ക് ഡോക്ടർമാരായ കെ.എ. സീതി, കൊച്ചു എസ്. മണി, സജു സേവ്യർ, വി.യു. സീതി, നിലാർ മുഹമ്മദ്, ജയകൃഷ്ണൻ, യഹ്യ തുടങ്ങിയവർ നേതൃത്വം നൽകി. തലേന്ന് ടോക്കണുകൾ നൽകിയതിനാൽ തിരക്കില്ലാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ക്യാമ്പ്.

പുലാമന്തോളിൽ നാലുവാർഡുകൾ മൈക്രോ കൺടെയ്‌ൻമെന്റ് സോണിൽ

പുലാമന്തോൾ : പഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലുള്ള നാലുവാർഡുകൾ മൈക്രോ കൺടെയ്‌ൻമെന്റ് സോണിൽ. വാർഡ് 5-വടക്കേക്കര, 13 - രണ്ടാംമൈൽ, 16 - കാവുവട്ടം, 18 - കുന്നത്ത് പള്ളിയാൽകുളമ്പ് എന്നിവയാണിവ. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കിൽ 20-ലേറെ രോഗികളുണ്ടായ വാർഡുകളാണിവ. നിലവിൽ ഡി സോണിലുള്ള പഞ്ചായത്തിൽ 52 പുതിയ കേസുകളടക്കം 560 കോവിഡ് രോഗികളുണ്ട്.