വണ്ടൂര്‍: വെള്ളക്കെട്ടായി മാറിയ സ്‌കൂള്‍ മൈതാനത്തിനു പുതുജീവന്‍ പകരാന്‍ നാട്ടുകാരും പഞ്ചായത്തും കൈകോര്‍ക്കുന്നു. വണ്ടൂര്‍ ഗേള്‍സ് സ്‌കൂളിലാണ് ജനകീയ പങ്കാളിത്തതോടെ മൈതാനം നവീകരിക്കുന്നത്.

വിവിധ സംഘടനകളും യുവജന ക്ലബ്ബുകളും വ്യക്തികളുടേയും സഹായത്തോടെയാണ് നിര്‍മാണം പുരോഗമിക്കുന്നത്. നേരത്തെ വയലായിരുന്ന ഭാഗത്ത് മണ്ണിട്ടുയര്‍ത്തിയിരുന്നെങ്കിലും കനത്ത മഴയില്‍ വെള്ളം കെട്ടിനിന്ന് ക്ലാസ് മുറികളിലേക്കടക്കം വെള്ളം കയറിയിരുന്നു. ഇതോടെയാണ് പഞ്ചായത്ത് മുന്‍കൈയെടുത്ത് ജനകീയ പങ്കാളിത്തത്തോടെ നവീകരിക്കാന്‍ ശ്രമം തുടങ്ങിയത്. മൈതാനത്തിനു ചുറ്റും കരിങ്കല്‍കൊണ്ട് സംരക്ഷണഭിത്തികെട്ടി മഴവെള്ളത്തെ പുറകിലുള്ള വൈക്കതോട്ടിലേക്കെത്തിക്കാന്‍ ഓവുചാല്‍ നിര്‍മിക്കുകകൂടി ചെയ്താല്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരമാവുമെന്നാണ് കരുതുന്നത്.

വെള്ളംകയറി പഠനം മുടങ്ങിയസമയത്ത് സ്ഥലത്തെത്തിയ എ.പി. അനില്‍കുമാര്‍ എം.എല്‍.എ പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. സംരക്ഷണ ഭിത്തികെട്ടാനും ഓവുചാല്‍ നിര്‍മാണത്തിനും എം.എല്‍എ യുടേയും ജില്ലാ പഞ്ചായത്തിന്റേയും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്‌കൂള്‍ അധികൃതര്‍.