വളാഞ്ചേരി: കൃഷിയെക്കുറിച്ച് പാഠപുസ്തകത്തില്‍ പറഞ്ഞതും അധ്യാപകര്‍ നല്‍കിയ അറിവും പ്രായോഗികമാക്കാനുറച്ച് വിദ്യാര്‍ഥികള്‍ പാടത്തേക്കിറങ്ങി. വലിയകുന്ന് എച്ച്.എ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പാടവും വരമ്പും ചേറും ചളിയും ഞാറും കാണാന്‍ അധ്യാപകര്‍ക്കും, കര്‍ഷകര്‍ക്കുമൊപ്പം പാടത്തേക്കിറങ്ങിയത്.

കര്‍ഷകരുടെ നിര്‍ദേശങ്ങളനുസരിച്ച് കുട്ടികള്‍ ഞാറ് പറിച്ച് മുടിക്കെട്ടിവെച്ചു. നാടന്‍പാട്ടുകള്‍പാടി കര്‍കര്‍ക്കൊപ്പം കുട്ടികളും ഞാറ് നട്ടു. കൃഷി നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടാണ് പാടവിശേഷങ്ങളറിഞ്ഞ് അവര്‍ സ്‌കൂളിലേക്ക് മടങ്ങിയത്. ഇരിമ്പിളിയം മായിന്‍പാടത്തായിരുന്നു കുട്ടികള്‍ക്ക് സോദാഹരണക്ലാസൊരുക്കിയത്. ഞാറ് നടീല്‍ പൂര്‍ത്തിയാക്കിയ ശേഷം കുട്ടികള്‍ക്ക് കട്ടന്‍ചായയും വാഴയിലയില്‍ കപ്പ പുഴുങ്ങിയതും നല്‍കി. പ്രഥമാധ്യാപിക കെ. നസീമ, പി.ടി.എ. പ്രസിഡന്റ് നാസര്‍ ഇരിമ്പിളിയം, അധ്യാപകരായ മുനവ്വര്‍, ആരിഫ, ഷജില എന്നിവര്‍ നേതൃത്വംനല്‍കി.