മമ്പാട്: കടുംവെട്ട് പൂര്‍ത്തിയായ റബ്ബര്‍മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുന്നത് തടഞ്ഞതിനാല്‍ ആദിവാസികള്‍ വനപാലകരെ ഓഫീസില്‍ പൂട്ടിയിട്ടു. മമ്പാട് എടക്കോട് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെയാണ് പൂട്ടിയിട്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുനൂറോളംവരുന്ന സംഘം ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. ഓഫീസ് പരിസരത്ത് ഭക്ഷണം പാകംചെയ്തും മുദ്രാവാക്യംവിളിച്ചും നിലയുറപ്പിച്ചു.

ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഉള്‍പ്പെടെ അഞ്ച് വനപാലകരാണ് ഓഫീസിലുണ്ടായിരുന്നത്. നിലമ്പൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. രണ്ട് പോലീസുകാരും ഓഫീസിനുള്ളില്‍ കുടുങ്ങി. നാല് മണിക്കൂറിനുശേഷമാണ് ജീവനക്കാരെ പുറത്ത് വിട്ടത്. മമ്പാട് പഞ്ചായത്തിലെ മാഠം, കല്ലുവാരി, വീട്ടിക്കുന്ന്, വെണ്ണേക്കോട് കോളനികളിലെ റബ്ബര്‍ ഉള്‍പ്പെടെ പാഴ്മരങ്ങള്‍ മുറിച്ചുകൊണ്ടുപോകാന്‍ വനപാലകര്‍ തടസ്സംനില്‍ക്കുന്നുവെന്നാണ് പരാതി. കോളനിയിലെ കുടുംബങ്ങളില്‍നിന്ന് ഭൂനികുതി സ്വീകരിക്കുന്നില്ലെന്നും സമരക്കാര്‍ ആരോപിച്ചു.

മാഠം കോളനിയിലെ ദാമോദരന്‍ എന്നയാളുടെ ഭൂമിയില്‍നിന്ന് ബുധനാഴ്ച റബ്ബര്‍മരങ്ങള്‍ മുറിച്ചെടുത്തിരുന്നു. 1.80 ഏക്കര്‍ സ്ഥലത്ത് 120 റബ്ബര്‍മരങ്ങളാണുണ്ടായിരുന്നത്. റീ-പ്ലാന്റേഷന്‍ ചെയ്യുന്നതിനാണ് മുറിച്ചത്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് റബ്ബര്‍ പ്ലാന്റ്‌ചെയ്തത്. റീ-പ്ലാന്റിങ്ങിനും സര്‍ക്കാരിന്റെ സാമ്പത്തികസഹായം അനുവദിച്ചിട്ടുണ്ട്.
 
അനുമതിയില്ലാതെയാണ് മരങ്ങള്‍ മുറിച്ചതെന്നും കൊണ്ടുപോവണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നുമായിരുന്നു വനപാലകരുടെ നിലപാട്. ഇതേത്തുടര്‍ന്ന് ബുധനാഴ്ച ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസിലെത്തി അപേക്ഷനല്‍കി കടത്തിക്കൊണ്ടുപോകാനുള്ള അനുമതി വാങ്ങിയിരുന്നു. എന്നാല്‍ മരം കടത്തിക്കൊണ്ടുപോകാനെത്തിയ ലോറി വനപാലകരെത്തി വ്യാഴാഴ്ച വീണ്ടും തടഞ്ഞിട്ടതായും ആദിവാസികള്‍ പറഞ്ഞു.

വനപാലകരും സമരക്കാരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് വൈകീട്ട് മൂന്നരയോടെയാണ് സമരം തീര്‍ന്നത്. കൈവശഭൂമിയില്‍നിന്ന് നിയമനാസൃതം മരങ്ങള്‍ മുറിക്കുന്നതിനും നീക്കംചെയ്യുന്നതിനും തടസ്സംനില്‍ക്കില്ലെന്നും നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതാധികൃതരുടെ സാന്നിധ്യത്തില്‍ തീരുമാനമെടുക്കാന്‍ നടപടി സ്വീകരിക്കാമെന്നും വനപാലകര്‍ എഴുതി നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
 
ഉപരോധസമരം ആദിവാസി ക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആര്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനംചെയ്തു. വണ്ടൂര്‍ ഏരിയാ കമ്മിറ്റി പ്രസിഡന്റ് ചന്ദ്രന്‍ ചോലാര്‍ മല അധ്യക്ഷതവഹിച്ചു. ജില്ലാകമ്മിറ്റിയംഗങ്ങളായ കുമാരദാസ്, സി. ചന്ദ്രന്‍, കെ. ബാബു, തങ്കമണി, ശോഭന, ഊര് മൂപ്പന്‍ എം.കെ. സുന്ദരന്‍, കെ. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.