എടപ്പാള്‍: ക്ഷേത്ര കൂത്തുമാടങ്ങളില്‍ രാമായണകഥ പാടി മാത്രം അവതരിപ്പിക്കുന്ന പാരമ്പര്യ കലാരൂപമായ തോല്‍പ്പാവക്കൂത്തിലൂടെ അയ്യപ്പചരിതം കഥയുമായി രാമചന്ദ്രപ്പുലവരും സംഘവും. പരമ്പരാഗത തോല്‍പ്പാവക്കൂത്ത് കലാകാരനും രാഷ്ട്രപതിയുടെ പുരസ്‌കാര ജേതാവുമായ കൂനത്തറ കൃഷ്ണന്‍ കുട്ടിപ്പുലവര്‍ സ്മാരക കലാകേന്ദ്രത്തിന്റ നേതൃത്വത്തിലാണ് അദ്ദേഹം ഈകലാരൂപവുമായി രംഗത്തെത്തുന്നത്.
 
കാനനവാസനായ അയ്യപ്പന്റെ ജനനംമുതല്‍ ശബരിമലയില്‍ അധിവസിക്കുന്നതുവരെയുള്ള കഥ മനോഹരമായി തയ്യാറാക്കിയ പാവകളിലൂടെ അവതരിപ്പിക്കുകയാണ് ഇവര്‍. തോലില്‍ നിര്‍മിച്ച പാവകള്‍ വേദിയില്‍ വലിച്ചുകെട്ടുന്ന വെളുത്ത തുണികൊണ്ടുള്ള സ്‌ക്രീനിനു പിന്നില്‍ സ്ഥാപിച്ചാണ് തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്.
 
പാവകള്‍ക്ക് പിറകില്‍ നാളികേര മുറിയില്‍ കത്തിച്ചുവെക്കുന്ന ദീപങ്ങളുടെ പ്രഭയില്‍ പുടവയില്‍ പതിയുന്ന നിഴലുകള്‍ വേദിക്കുമുന്നിലിരിക്കുന്ന കാണികള്‍ക്ക് സിനിമപോലെ ആസ്വദിക്കാനാവും. സംഗീതത്തിന്റെയും കഥയുടെയും ഗാനങ്ങളുടെയും അകമ്പടിയോടെ പാവകളെ ചലിപ്പിച്ച് പറയുന്ന അയ്യപ്പകഥ ആദ്യാവസാനം നാടകീയത നിറഞ്ഞതാണ്. ഒരു മണിക്കൂറാണ് ദൈര്‍ഘ്യം.
 
രാമചന്ദ്ര പുലവര്‍ രചനയും സാക്ഷാത്കാരവും നിര്‍വഹിക്കുന്ന അയ്യപ്പചരിതം കൂത്തിന് മുരളി പുറനാട്ടുകരയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ളത്. വിമല വേണുഗോപാല്‍, വി. സന്തോഷ് പാവറട്ടി എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ചുമര്‍ ചിത്രകലാകാരന്‍ കെ.യു. കൃഷ്ണകുമാറാണ് പാവകളുടെ രൂപകത്പന നിര്‍വഹിച്ചത്.
 
രാജീവ് പുലവര്‍, രാഹുല്‍ പുലവര്‍, ലക്ഷ്മണന്‍, അരുണ്‍കുമാര്‍, മനോജ്, അശ്വതി എന്നിവരും കൂത്തില്‍ അണിനിരക്കുന്നുണ്ട്. അയ്യപ്പചരിതം പാവക്കൂത്ത് തിങ്കളാഴ്ച ഏഴിന് ശുകപുരം കുളങ്കര ക്ഷേത്രത്തില്‍ താലപ്പൊലിയുടെ ഭാഗമായി വെങ്ങിനിക്കര കൂത്തുത്സവത്തോടനുബന്ധിച്ച് അവതരിപ്പിക്കും.