തിരൂര്‍: തനിക്കുള്ള വീടിന്റെ താക്കോല്‍ സമ്മാനിച്ച മന്ത്രി വി.എസ്. സുനില്‍കുമാറിനെ മൊയ്തീന്‍ബാവ സ്‌നേഹത്തോടെ ആശ്ലേഷിച്ചു. അത് കണ്ടുനിന്നവരുടെ കണ്ണുകള്‍ നിറച്ചു. പറവണ്ണയില്‍ സി.പി.ഐ. പാര്‍ട്ടി ഓഫീസ് നിര്‍മിക്കാന്‍ ശേഖരിച്ച ഏഴരലക്ഷം രൂപ ചെലവഴിച്ചാണ് പറവണ്ണ വേളാപുരം കടപ്പുറത്ത് അരയന്റെപുരയ്ക്കല്‍ മൊയ്തീന്‍ബാവയ്ക്കും ഭാഗികമായി കാഴ്ചശക്തിയുള്ള ഭാര്യ മറിയത്തിനും മകനും വീട് നിര്‍മിച്ചുനല്‍കിയത്.

പറവണ്ണ അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി സുനില്‍കുമാര്‍ വീടിന്റെ താക്കോല്‍ കൈമാറി. ചടങ്ങില്‍ പി.പി. അര്‍ഷാദ് അധ്യക്ഷതവഹിച്ചു. സി.പി.ഐ. സംസ്ഥാനകമ്മിറ്റി അംഗം കൃഷ്ണദാസ്, ജില്ലാസെക്രട്ടറി പി.പി. സുനീര്‍, സി. സിദ്ദീഖ്, സി.പി. സുലൈമാന്‍, സി. അറുമുഖന്‍, പി. കുഞ്ഞിമൂസ, ദിനേശ് പൂക്കയില്‍, വി. നന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.