തിരൂര്‍: കഴിഞ്ഞ 13 വര്‍ഷമായി തിരൂര്‍ നഗരസഭയില്‍ കൗണ്‍സിലറായ കല്ലിങ്ങല്‍ ബാവയ്ക്ക് നഗരസഭാധ്യക്ഷപദവി ലഭിച്ചു. കോണ്‍ഗ്രസ് കൗണ്‍സിലറായി രണ്ടുതവണ വിജയിച്ച കെ. ബാവ കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രാദേശിക സംഘടനയായ ടി.ഡി.എഫിന്റെ ബാനറില്‍ വിജയിച്ചത്.

പഴയ കോണ്‍ഗ്രസുകാരനായിരുന്ന താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്റെ വിശ്വസ്തനായ ബാവ ഇടതുപക്ഷത്തേക്ക് ചേക്കേറിയപ്പോള്‍ വി. അബ്ദുറഹിമാനാണ് ടി.ഡി.എഫ്. എന്ന കക്ഷിയുണ്ടാക്കി ഇടതുപാളയത്തിലെത്തിച്ചത്. ഒപ്പം വിജയിച്ചാല്‍ നഗരസഭാധ്യക്ഷ പദവിയും ഇദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വിജയിച്ചുകയറിയ ബാവയ്ക്ക് പകരമായി സി.പി.എമ്മിലെ എസ്. ഗിരീഷ് ചെയര്‍മാനായി. രണ്ടുവര്‍ഷം ഗിരീഷിനും തുടര്‍ന്ന് രണ്ടുവര്‍ഷം ടി.ഡി.എഫിലെ കെ. ബാവയ്ക്കും തുടര്‍ന്നുള്ള ഒരുവര്‍ഷം വീണ്ടും സി.പി.എമ്മിനും എന്നനിലയില്‍ ചെയര്‍മാന്‍ സ്ഥാനം വീതിച്ചു. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞുവെങ്കിലും ഗിരീഷ് തുടര്‍ന്നു. ഇത് ബാവയെ നിരാശനാക്കി. ഇത് ഒരുസീറ്റിന്റെ വ്യത്യാസത്തില്‍ മാത്രം ഭരണംനടക്കുന്ന നഗരസഭയില്‍ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുമെന്ന അവസ്ഥ വന്നതോടെ അപകടം മനസ്സിലാക്കി സി.പി.എം. ജില്ലാകമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഗിരീഷ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് ബാവയ്ക്ക് വഴിമാറുകയായിരുന്നു.

ശനിയാഴ്ച പുതിയ ചെയര്‍മാനായുള്ള തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ കെ.പി. റംലയുടെ വോട്ട് അസാധുവായത് ഇടതുപക്ഷത്തെ ഞെട്ടിച്ചു. 18-ല്‍ 18 എന്ന വോട്ടിങ് നില വന്നതോടെ റിട്ടേണിങ് ഓഫീസര്‍ നറുക്കെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ യു.ഡി.എഫ്. ക്യാമ്പില്‍ ആഹ്‌ളാദവും ഇടതുക്യാമ്പില്‍ അമ്പരപ്പുമുണ്ടായി. ഒടുവില്‍ നറുക്കെടുപ്പുഫലം വന്നപ്പോള്‍ കെ. ബാവ വിജയിയായി. തുടര്‍ന്ന് ഇടതുപക്ഷം ആഹ്‌ളാദത്തിമിര്‍പ്പിലായി.

വി. അബ്ദുറഹിമാന്‍ തന്റെ വിശ്വസ്തനായ പഴയ കോണ്‍ഗ്രസുകാരനായ കെ. ബാവ ചെയര്‍മാനായ വിവരമറിഞ്ഞയുടനെ നഗരസഭാ ഓഫീസിലെത്തി ബാവയെ അഭിനന്ദിച്ചു. ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനാല്‍ വോട്ട് അസാധുവാക്കപ്പെട്ട സി.പി.എമ്മിലെ കെ.പി. റംലയാണ് ബാവയുടെ വിജയത്തില്‍ ഏറെ സന്തോഷിച്ചത്. നറുക്കെടുപ്പുഫലം വന്നപ്പോള്‍ കെ. ബാവ തോറ്റിരുന്നുവെങ്കില്‍ പാപഭാരം മുഴുവന്‍ റംലയുടെ തലയിലാകുമായിരുന്നു.തിരൂര്‍:
നഗരസഭാധ്യക്ഷനെ തിരഞ്ഞെടുക്കുന്ന യോഗത്തില്‍ നിപ വൈറസ് ബോധവത്കരണവും. റിട്ടേണിങ് ഓഫീസറും ഭൂഗര്‍ഭജല അതോറിറ്റി ഉദ്യോഗസ്ഥനുമായ ഉപേന്ദ്രകുമാറാണ് തിരഞ്ഞെടുപ്പുപ്രക്രിയ തുടങ്ങിയ ഉടനെ വിഷയംമാറ്റി നിപയെ ചെറുക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ച് ഏറെനേരം പ്രസംഗിച്ചത്.

ജലസംരക്ഷണം, മാലിന്യനിര്‍മാര്‍ജനം എന്നിവയെക്കുറിച്ചുള്ള തന്റെ ദീര്‍ഘനേര പ്രസംഗത്തിനുശേഷമാണ് അദ്ദേഹം വേട്ടെടുപ്പ് നടപടിയിലേക്കു നീങ്ങിയത്.