പുലാമന്തോള്‍: ഉമ്മയുടെ പേരിലുള്ള വായനമൂല സ്‌കൂളിന് സമര്‍പ്പിക്കുമ്പോള്‍ അമല്‍ റാസിയും അല്‍മീര്‍ അലിയും സന്തോഷത്തിലായിരുന്നു. ചുറ്റുമുള്ളവരെല്ലാം ഉമ്മയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതുകേട്ട് കുരുന്നുകള്‍ നിന്നു. ഉപ്പയുടേയും ബന്ധുക്കളുടേയും കണ്ണുകള്‍ നിറയുന്നത് അമ്പരപ്പും അവരിലുണ്ടാക്കി.
 
അക്ഷരങ്ങളെ ഏറെ സ്‌നേഹിച്ച ഡോ. സറീനയുടെ സ്മരണാര്‍ഥം പുലാമന്തോള്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സഹപാഠികള്‍ നിര്‍മിച്ച വായനമൂലയുടെ സമര്‍പ്പണച്ചടങ്ങായിരുന്നു വേദി. സറീനയുടെ മക്കളാണ് സമര്‍പ്പണം നടത്തിയത്. സ്‌കൂളിലെ 1995 എസ്.എസ്.എല്‍.സി. ബാച്ച് വിദ്യാര്‍ഥിനിയായിരുന്ന പുലാമന്തോള്‍ വിളയൂരിലെ ഡോ. സറീന കഴിഞ്ഞ ജൂലായിലാണ് പനിബാധിച്ച് മരിച്ചത്.
 
സറീനയുടെ സ്മരണ നിലനിര്‍ത്താനെന്ന നിലയ്ക്കാണ് കൂട്ടായ്മ വായനാമൂല നിര്‍മ്മിച്ചത്. സമര്‍പ്പണച്ചടങ്ങില്‍ സറീനയുടെ ഭര്‍ത്താവ് മുഹമ്മദ് നിജാസ്, പിതാവ് വീരാലി, മാതാവ് ഫാത്തിമ, ബന്ധുക്കളായ റസിയ, സാറാബി എന്നിവര്‍ സംബന്ധിച്ചു. അനുബന്ധമായി നടന്ന പരിപാടി പഞ്ചായത്തംഗം ഇ. രാജേഷ് ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. നന്ദകുമാര്‍ അധ്യക്ഷനായി. പ്രഥമാധ്യാപകന്‍ കെ. ഹരിദാസ്, ഉപപ്രഥമാധ്യാപിക ജാളി, കൂട്ടായ്മപ്രതിനിധികളായ സുല്‍ഫിക്കര്‍ അലി, സനദ്, സബിത തുടങ്ങിയവര്‍ സംസാരിച്ചു.