പൊന്നാനി: ചമ്രവട്ടം ജങ്ഷനിലെ ബീവറേജ് മദ്യശാലയുടെ ചുമര്‍തുരന്ന് മദ്യം മോഷ്ടിച്ചകേസിലെ പ്രതി രണ്ടു വര്‍ഷത്തിനുശേഷം പോലീസ് പിടിയില്‍. പൊന്നാനി കാഞ്ഞിരമുക്ക് പത്തായി സ്വദേശി കൂട്ടുങ്ങല്‍വീട്ടില്‍ ഷിബിന്‍ലാലിനെയാണ് (27) എസ്.ഐ കെ. നൗഫല്‍ അറസ്റ്റു ചെയ്തത്.

2015- ല്‍ ചമ്രവട്ടം ജങ്ഷനിലെ ബീവറേജ് മദ്യശാലയുടെ പിന്‍വശത്തെ ചുമര്‍തുരന്നാണ് ഷിബിന്‍ലാല്‍ മദ്യക്കുപ്പികള്‍ മോഷ്ടിച്ചത്. നേരത്തെ ഇവിടെ ചുമര്‍തുരന്ന് ലക്ഷക്കണക്കിന് രൂപയുടെ മദ്യം വേറെ ആരോ മോഷ്ടിച്ചിരുന്നു. ഈ ദ്വാരം പിന്നീട് ബീവറേജസ് അധികൃതര്‍ അടയ്ക്കുകയുംചെയ്തു. അടച്ച ദ്വാരം കമ്പിപ്പാരയിട്ട് തുരന്നാണ് ഷിബിന്‍ലാല്‍ മദ്യം മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

സ്ത്രീകളുടെ സ്വര്‍ണഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കാഞ്ഞിരമുക്ക് സ്വദേശി റിബിന്‍രാജ് എന്നയാളെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ സുഹൃത്താണ് മദ്യംമോഷ്ടിച്ച ഷിബിന്‍ലാല്‍.

മാല പിടിച്ചുപറിക്കുന്നതില്‍ ഷിബിന്‍ലാലിന് പങ്കുണ്ടെന്ന് സംശയിച്ച് പോലീസ് പിടികൂടിയപ്പോഴാണ് ബീവറേജിലെ മദ്യം മോഷ്ടിച്ചകഥ ഇയാള്‍ പോലീസിനോട് പറഞ്ഞത്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.