പെരിന്തല്‍മണ്ണ: രണ്ടരലക്ഷം ചതുരശ്രയടിയില്‍ നിര്‍മിക്കുന്ന ഹൈടെക് കെട്ടിടസമുച്ചയത്തിന്റെ ധനശേഖരണാര്‍ത്ഥം ഇ. എം.എസ്. ആസ്​പത്രി ഓഹരിസമാഹരണം തുടങ്ങി. ഇ.എം.എസിന്റെ പുത്രിയും വനിതാകമ്മിഷന്‍ അംഗവുമായ ഇ.എം. രാധ ഉദ്ഘാടനം ചെയ്തു. മെട്രോമാന്‍ ഡോ. ഇ. ശ്രീധരനെ മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി ആദരിച്ചു. ആസ്​പത്രി ഡയറക്ടര്‍ ടി.കെ. ഹഫ്‌സ മുഹമ്മദ് ഇ.എം.രാധയെ ആദരിച്ചു.
 
ആസ്​പത്രി ഭരണസമിതി ചെയര്‍മാന്‍ ഡോ. എ. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഇ.എം.എസ്. മെമ്മോറിയല്‍ ചാരിറ്റബിള്‍ മെഡിക്കല്‍ ട്രസ്റ്റ് ഓണററി സെക്രട്ടറി പി.പി. വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തി. 100 കോടി രൂപയാണ് പദ്ധതിക്ക് ഓഹരി സമാഹരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ കെട്ടിടസമുച്ചയത്തില്‍ 250 കിടക്കകള്‍, എന്‍ റോ സോണോഗ്രാഫി സൗകര്യമുള്ള ഗ്യാസ്‌ട്രോ എന്റോളജി, പൂര്‍ണസജ്ജമായ ലേബര്‍ സ്യൂട്ട്, എ.സി. ഡീലക്‌സ് റൂമുകള്‍ എന്നിവ സജ്ജമാക്കും.
 
ഓഹരി ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഒ.പി. ബുക്കിങ്ങില്‍ മുന്‍ഗണനയും മറ്റ് ആനുകൂല്യങ്ങളും നല്‍കും. നഗരസഭാധ്യക്ഷന്‍ എം. മുഹമ്മദ് സലീം, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എം.ടി. ദേവസ്യ, എ.കെ. നാസര്‍, വി. രമേശന്‍, വി. ബാബുരാജ്, ഡോ.കെ. മോഹന്‍ദാസ്, എം. അബ്ദുല്‍നാസര്‍, വി. ശശികുമാര്‍, ഡോ.വി.യു. സീതി തുടങ്ങിയവര്‍ സംസാരിച്ചു.