പള്ളിക്കല്‍: ഗ്രാമപ്പഞ്ചായത്തില്‍ യു.ഡി.എഫ്. വീണ്ടും അധികാരത്തിലേക്ക്.
കോഴിപ്പുറം വാര്‍ഡില്‍നിന്ന് വിജയിച്ച മുസ്ലിംലീഗ് അംഗം പറമ്പന്‍ മിഥുനയാണ് പ്രസിഡന്റ്. പ്രസിഡന്റ്സ്ഥാനം പട്ടികജാതി വനിതാസംവരണമായ ഇവിടെ വിജയിച്ച ഒരേയൊരു പട്ടികജാതിവനിതയാണ്. ഇരുപത്തിരണ്ടുകാരിയും വിദ്യാര്‍ഥിനിയുമായ പറമ്പന്‍ മിഥുന. അതുകൊണ്ടുതന്നെ പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പിന് പ്രസക്തിയില്ല.
ജില്ലാതലത്തില്‍ നടന്ന ധാരണയുടെ അടിസ്ഥാനത്തില്‍ വൈസ്​പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനാണ്. ഭരണസമിതിയില്‍ കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളാണുള്ളത്. പള്ളിക്കല്‍ മേഖലയിലെ ചെനയ്ക്കല്‍ വാര്‍ഡില്‍നിന്ന് വിജയിച്ച നാരായണിയും കരിപ്പൂര്‍ മേഖലയിലെ കൂട്ടാലുങ്ങലില്‍നിന്നുള്ള ജസീന ലത്തീഫുമാണിത്. ഇവരില്‍ വൈസ്​പ്രസിഡന്റ് സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടില്ല.
ഇടതുമുന്നണിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരാര്‍ഥിയെയും നിശ്ചയിച്ചിട്ടില്ല. യു.ഡി.എഫിന് പതിനൊന്നും എല്‍.ഡി.എഫിന് പത്തും സീറ്റാണുള്ളത്. ഒരു ലീഗ് വിമതയും ജയിച്ചിട്ടുണ്ട്.