നിലമ്പൂര്‍: തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ശ്രീകോവില്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള തേക്കുതടികള്‍ നിലമ്പൂരില്‍നിന്ന്. അരുവാക്കോടുള്ള വനം സെന്‍ട്രല്‍ ഡിപ്പോയില്‍നിന്ന് ക്ഷേത്രം മാനേജര്‍ ബി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ തടികള്‍ തിരുവനന്തപുരത്തേക്കു കൊണ്ടുപോയി.

പദ്മനാഭസ്വാമിക്ഷേത്രത്തിന്റെയും നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റെയും ശ്രീകോവിലിന്റെ മേല്‍ക്കൂരകള്‍ വര്‍ഷങ്ങളുെട പഴക്കമുള്ളതിനാല്‍ പലഭാഗത്തും പൊളിഞ്ഞു നശിക്കാറായതിനാലാണ് ഇപ്പോള്‍ മാറ്റാന്‍ തീരുമാനമായത്. പദ്മനാഭസ്വാമിക്ഷേത്രത്തിലെതന്നെ തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തിന്റെ കൊടിമരവും കാലപ്പഴക്കത്താല്‍ മാറ്റുന്നുണ്ട്. ഇതിനാവശ്യമായ തടി കോന്നിയിലെ തടി ഡിപ്പോയില്‍നിന്ന് കഴിഞ്ഞമാസം ഏഴിന് തിരുവനന്തപുരത്തെത്തിച്ചു.

1944-ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നട്ടുവളര്‍ത്തിയ ചാത്തംപുറായിയിലെ തേക്കുതോട്ടത്തില്‍നിന്നുള്ള തടികളാണ് ക്ഷേത്രം അധികൃതര്‍ തിരഞ്ഞെടുത്തത്. 17.206 ഘനമീറ്റര്‍ തടികളാണ് തിരഞ്ഞെടുത്തത്. ആകെ 33 തേക്കുകഷണങ്ങളാണ് വേണ്ടത്. ഇതിന് വിവിധ നികുതികളടക്കം ഒന്നരക്കോടിയോളം രൂപ വിലവരും. ആദ്യഘട്ടമെന്നനിലയില്‍ 16 കഷണങ്ങളാണ് ചൊവ്വാഴ്ച കൊണ്ടുപോയത്.

ക്ഷേത്രം പൂജാരിയും തച്ചന്‍മാരും വാസ്തുശാസ്ത്രവിധിപ്രകാരം നേരത്തേവന്നു കണ്ടെത്തിയ ലക്ഷണമൊത്ത തേക്കുതടികളാണിത്. ക്ഷേത്രനിര്‍മാണത്തിന് ആദ്യമായാണ് നിലമ്പൂരില്‍നിന്ന് തേക്കുതടികള്‍ കൊണ്ടുപോകുന്നത്.

ഡിപ്പോ റെയ്ഞ്ച് ഓഫീസര്‍ കെ. നീതു, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മണിലാല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തടികള്‍ ഏറ്റെടുത്തത്.