പെരിന്തല്‍മണ്ണ: പുരുഷാധിപത്യ സമൂഹത്തില്‍ ആര്‍ത്തവകാലം മാറ്റിനിര്‍ത്തപ്പെടേണ്ടതും മോശവുമാണെന്ന ധാരണകളെ ഉറക്കെ ചോദ്യംചെയ്ത് കോളേജ് വിദ്യാര്‍ഥികളുടെ സംവാദം.

പെരിന്തല്‍മണ്ണ പി.ടി.എം. ഗവ.കോളേജ് യൂണിയനും വനിതാസെല്ലും ചേര്‍ന്നാണ് 'ആര്‍ത്തവാനുഭവങ്ങള്‍ ഒരു തുറന്നുപറച്ചില്‍' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചത്.

ആണ്‍പെണ്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ചിരുന്നു നടത്തിയ വീക്ഷണങ്ങള്‍ സമൂഹത്തിനുള്ള ഉത്തരങ്ങളായി മാറി. വിദ്യാര്‍ഥിനികള്‍ ആര്‍ത്തവാനുഭവങ്ങള്‍ പങ്കുവെച്ചു. അതുമായി ബന്ധപ്പെട്ട മിത്തുകളെയും അനാചാരങ്ങളെയും അവര്‍ ചോദ്യംചെയ്തു. തുറന്നു പറച്ചിലിലൂടെ കൂച്ചുവിലങ്ങുകള്‍ പൊട്ടിച്ചെറിയാനുള്ള ആഹ്വാനംകൂടി പുതുതലമുറക്ക് നല്‍കി.

പ്രിന്‍സിപ്പല്‍ ഡോ.കെ.കെ. വല്‍സല ഉദ്ഘാടനം ചെയ്തു. വുമണ്‍ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷമീറ കുഞ്ഞു വിഷയമവതരിപ്പിച്ചു. യൂണിയന്‍ ഭാരവാഹികളായ ശ്രീരജ, ഹരിനാരായണന്‍, ഭാഗ്യ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.