മഞ്ചേരി: ആറുലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നുപേര്‍ മഞ്ചേരിയില്‍ പിടിയിലായി. മണ്ണാര്‍ക്കാട് നായാടിക്കുന്ന് ലക്ഷംവീട് കോളനിയില്‍ പിലാക്കല്‍ മുഹമ്മദ് ഷെരീഫ് (35), മണ്ണാര്‍ക്കാട് കര്‍ക്കടകംകുന്ന് ഷബീറലി (36), കൊയിലാണ്ടി വടക്കേകുനി ഹൗസില്‍ സക്കറിയ (39) എന്നിവരെയാണ് മലപ്പുറം ഡിവൈ.എസ്.പി. ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

2000 രൂപയുടെ കള്ളനോട്ടുകളാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. കച്ചേരിപ്പടി ചെങ്ങണ ബൈപ്പാസില്‍ പണംകൈമാറാന്‍ എത്തിയപ്പോഴാണ് പിടിയിലായത്. കള്ളനോട്ടുകള്‍ വിതരണത്തിന് എത്തുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഒരു ലക്ഷം രൂപ വാങ്ങി രണ്ടുലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ വില്പന നടത്തുകയാണ് രീതിയെന്ന് പിടിയിലായവര്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.

ഇത്തരത്തില്‍ മൂന്നുലക്ഷം രൂപയുടെ കച്ചവടത്തിനാണ് ഇവര്‍ മഞ്ചേരിയിലെത്തിയത്. മൂന്നുപേരും പിടിയിലായതോടെ യഥാര്‍ഥ നോട്ടുകളുമായി എത്തിയവര്‍ രക്ഷപ്പെട്ടു. ഇവരെസംബന്ധിച്ച് പോലീസിനു വിവരംലഭിച്ചു. യഥാര്‍ഥത്തിലുള്ളവയെ വെല്ലുന്ന നോട്ടുകളാണ് പ്രതികളില്‍നിന്ന് കണ്ടെടുത്തത്.

2000 രൂപയുടെ സുരക്ഷാഅടയാളമായ ഒറ്റവരയ്ക്ക് പകരം വ്യാജനോട്ടില്‍ കുത്തുകളാണുള്ളത്. ഗാന്ധിജിയുടെ ചിത്രത്തിന് ഒരുവശത്ത് രേഖപ്പെടുത്തിയിട്ടുള്ള 2000 എന്നത് കള്ളനോട്ടിലില്ല. മലപ്പുറത്ത് പലയിടത്തും ഇവര്‍ വ്യാജനോട്ട് വില്പന നടത്തിയിട്ടുണ്ട്.

അന്തര്‍സംസ്ഥാന മാഫിയ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ സംഘം കള്ളനോട്ടുകള്‍ വിതരണംചെയ്തിട്ടുണ്ട്. മറ്റുസംസ്ഥാനങ്ങളിലും നോട്ടുമാറലിന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് നോട്ട് നിര്‍മിക്കുന്നതെന്നാണ് പ്രാഥമികവിലയിരുത്തല്‍.

മഞ്ചേരി സി.ഐ. എന്‍.ബി. ഷൈജു, എസ്.ഐ. റിയാസ് ചാക്കീരി, എസ്.ഐ. അബ്ദുറഹ്മാന്‍, ഫക്രുദീന്‍, എം. സത്യനാഥന്‍, അബ്ദുള്‍അസീസ്, ശശികുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍മാരാത്ത്, പി. സഞ്ജീവ്, മുഹമ്മദ് സലീം എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.