മ​ഞ്ചേരി: വ്യവസായികവിപ്ലവമോ സാങ്കേതികവിപ്ലവമോ അല്ല മറ്റുള്ളവരെ സ്‌നേഹിക്കാനും സേവിക്കാനും പ്രാപ്തരാക്കുന്ന മനുഷ്യഹൃദയങ്ങളില്‍നിന്ന് ഉദിക്കുന്ന വിപ്ലവമാണ് ഇനി നമുക്കാവശ്യമെന്ന് മാതാഅമൃതാനന്ദമയി അഭിപ്രായപ്പെട്ടു.
മഞ്ചേരി മാതാ അമൃതാനന്ദമയി മഠത്തില്‍ ബ്രഹ്മസ്ഥാന പ്രതിഷ്ഠാവാര്‍ഷികത്തിന്റെ ഭാഗമായുള്ള സത്സംഗത്തില്‍ സംസാരിക്കുകയായിരുന്നു.

ജീവിതത്തിലെ നല്ലതും ചീത്തയുമായ അനുഭവങ്ങളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ എല്ലാറ്റിനെയും സന്തോഷത്തോടെ സ്വീകരിക്കാനുളള മനസ്സുണ്ടാവും. ക്ഷമ, ശ്രദ്ധ, വിശ്വാസം എന്നിവ കൈകോര്‍ത്തുപോകുന്ന ഗുണങ്ങളാണ്. ശരീരത്തിനെന്തെങ്കിലും അസുഖംവന്നാല്‍ ചികിത്സിക്കുകയും മരുന്നുകഴിക്കുകയും ചെയ്യുന്നതുപോലെ മനസ്സിലുണ്ടാകുന്ന ചിന്തകളെ കൈകാര്യംചെയ്യുന്നതിലും ശ്രദ്ധയും ക്ഷമയും വേണം. പ്രായംകൊണ്ടു വളരുകയെന്നാല്‍ മരണത്തിലേക്കുള്ള യാത്രയാണ്. എന്നാല്‍ പക്വതയിലൂടെ വളരുകയെന്നാല്‍ അമരത്വത്തിലേക്കുള്ള യാത്രയാണ്. ആധ്യാത്മികമായ ഈ അറിവാണ് യാത്രയ്ക്ക് പാത തെളിക്കുന്നത്.

ഈശ്വരപ്രേമമാകുന്ന കയറുകൊണ്ട് മനസ്സിനെ കെട്ടിവച്ചാല്‍ ഭൗതികജീവിതത്തില്‍ എത്ര പ്രലോഭനങ്ങളും പ്രതിസന്ധികളും വന്നാലും മനസ്സ് തളരാതെ നിലനിര്‍ത്താന്‍ കഴിയും. ധ്യാനാത്മകമായ ഒരു മനസ്സ് സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അതില്‍നിന്ന് ഉടലെടുക്കുന്ന വാക്കുകളും പ്രവൃത്തികളും നന്മ നിറഞ്ഞതായിരിക്കും. എടുക്കുന്നതിലധികം ലോകത്തിന് കൊടുക്കുമ്പോഴാണ് നമ്മള്‍ യഥാര്‍ഥത്തില്‍ വളരുന്നത്. യഥാര്‍ഥകാരുണ്യമുളള ആള്‍ മനസാ വാചാ കര്‍മണാ അന്യരെ വേദനിപ്പിക്കില്ല- മാതാ അമൃതാനന്ദമയി അഭിപ്രായപ്പെട്ടു.

അമൃത സ്വാശ്രയസംഘത്തിലെ അംഗങ്ങള്‍ക്ക് സാരിവിതരണം നിര്‍വഹിച്ചു. മഞ്ചേരിമഠം പ്രസിദ്ധീകരിച്ച സുവനീര്‍ അമൃതസൗഭഗത്തിന്റെ പ്രകാശനം നടത്തി. നറുകരയില്‍ നിര്‍മിക്കുന്ന ആശ്രമ മന്ദിരത്തിന്റെ തറക്കല്ലിടല്‍ മാതാ അമൃതാനന്ദമയിമഠം ജനറല്‍സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി നിര്‍വഹിച്ചു.