മഞ്ചേരി: പത്തപ്പിരിയത്ത് താര്‍മിശ്രണയൂണിറ്റിനെതിരെയുള്ള പ്രതിഷേധം അക്രമത്തില്‍ കലാശിച്ചതിനെ സംബന്ധിച്ച് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തും. ഏറനാട് താലൂക്ക് ഓഫീസില്‍ കളക്ടര്‍ ടി.ഭാസ്‌കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനമായത്.

സമരം അക്രമത്തിലെത്തിയതിനുപിന്നില്‍ ഇടപെടലുണ്ടെന്ന് ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ജാഫര്‍ മാലിക്കാണ് അന്വേഷണം നടത്തുന്നത്. പത്തുദിവസത്തിനകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ലാത്തിയടിക്കിടെ കിണറ്റില്‍ വീണുമരിച്ച അയ്യപ്പന്റെ കുടുബത്തിന് വീടുനിര്‍മാണത്തിന് 3.5 ലക്ഷം രൂപ അനുവദിക്കുന്നതിന് അംഗീകാരമായി. മക്കള്‍ക്ക് ചെരണിയില്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാനുള്ള സൗകര്യമൊരുക്കാമെന്നും കളക്ടര്‍ അറിയിച്ചു.

കൂടുതല്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പി.കെ. ബഷീര്‍ എം.എല്‍.എ അറിയിച്ചു. അയ്യപ്പന്റെ മരണം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. അന്വേഷിക്കും. കോണ്‍ക്രീറ്റ് മിശ്രണയൂണിറ്റിന്റെ ഉപകരണങ്ങളാണ് അഗ്നിക്കിരയാക്കിയതെന്ന് ക്രഷറിന്റെ ഉടമ ജമാല്‍ ആരോപിച്ചു. താര്‍മിശ്രണയൂണിറ്റിനുള്ള ഉപകരണങ്ങള്‍ രണ്ടുവര്‍ഷം മുമ്പ് ക്രഷറില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാവിലെമുതല്‍ നിലനിന്നിരുന്ന പ്രശ്‌നത്തിന് പരിഹാരം കാണാതെ രാത്രിവരെ നീട്ടിയതില്‍ കളക്ടര്‍ അമര്‍ഷം രേഖപ്പെടുത്തി. തഹസില്‍ദാര്‍ കെ.സി. മോഹനന്‍, സീനിയര്‍ സൂപ്രണ്ട് മെഹര്‍ അലി, ഡിവൈ.എസ്.പി. പി.എം. പ്രദീപ്, എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് റസീയ ബഷീര്‍, എസ്.ഐ. അമൃതരംഗന്‍ തുടങ്ങിയവര്‍ സംസാരിച്ചു.