മഞ്ചേരി: 'നഷ്ടസ്വര്‍ഗങ്ങളേ... നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നല്‍കീ.....' മൂന്നരപ്പതിറ്റാണ്ടുമുന്‍പ് താന്‍ സംഗീതാവിഷ്‌കാരം നടത്തിയ ഈരടികള്‍ പൂങ്കുടില്‍മനയില്‍ ഒരുവട്ടംകൂടി പാടിയപ്പോള്‍ സംഗീതസംവിധായകന്‍ വിദ്യാധരന് ഗൃഹാതുരത്വം. 1982-ല്‍ 'വീണപൂവ്' സിനിമ ചിത്രീകരണത്തിനായി വിദ്യാധരന്‍ പൂങ്കുടില്‍മനയില്‍ എത്തിയത് ഈ ഗാനത്തിന് സംഗീതസംവിധാനം നിര്‍വഹിക്കാനായിരുന്നു.

പ്രണയനൈരാശ്യംമൂലം മനോനിലതെറ്റിയ വീണപൂവിലെ നായകനെ മനഃശാസ്ത്രചികിത്സയ്ക്കായി മനയിലെത്തിക്കുന്നതാണ് ഗാനത്തിന്റെ പശ്ചാത്തലം. രോഗികള്‍ക്കിടയില്‍ കഴിഞ്ഞിരുന്ന നായകന്റെ നഷ്ടസ്വപ്‌നങ്ങള്‍ക്കൊപ്പം ഒരു ഹിറ്റ് ഗാനംകൂടി പിറവിയെടുത്തു. വിദ്യാധരനും സംഗീതലോകത്തേക്കു വാനോളമുയര്‍ന്നു.

'നഷ്ടസ്വര്‍ഗങ്ങളേ...' എന്ന പാട്ട് ചിത്രീകരിച്ചതും ആ ഗാനത്തിന് സംഗീതംനല്‍കിയ പശ്ചാത്തലവും വിദ്യാധരന്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ പങ്കുവെച്ചു.

പാട്ട് ചിത്രീകരിക്കുന്ന സമയത്ത്, ചികിത്സയിലുള്ള ഒരു രോഗിയുടെ മുഖംപോലും സിനിമയില്‍ കാണാന്‍പാടില്ലെന്ന് ഇല്ലത്തുനിന്ന് നിര്‍ദേശിച്ചിരുന്നു. അതു വലിയ വിഷമമുണ്ടാക്കി. പൂങ്കുടില്‍മനയുടെ മണ്ണും മനസ്സും ഇവിടത്തെ മനുഷ്യരുടെ സ്‌നേഹവും മറക്കാനാവില്ല. തുടര്‍ന്ന് വിദ്യാധരന്‍ സംഗീതംപകര്‍ന്ന പാട്ടുകള്‍ ഗായകരായ മയാ ശങ്കര്‍, അരുണ്‍ പ്രഭാകരന്‍, വിശ്വജിത്ത്, മിഥുലേഷ്, ലൗലി രാജേന്ദ്രന്‍, ദേവപ്രിയ എന്നിവര്‍ ആലപിച്ചു. മുഹസിന്‍ കുരിക്കള്‍, മെഹബൂബ് കാവനൂര്‍, വിമല്‍ ശ്രീകുമാര്‍ എന്നിവര്‍ സംഗീതമൊരുക്കി. കേരള ആര്‍ട്ട് ആന്‍ഡ് ലിറ്ററേച്ചര്‍ അക്കാദമിയാണ് പരിപാടി സംഘടിപ്പിച്ചത്.

ടി.പി. രാമചന്ദ്രന്‍ അധ്യക്ഷനായി. ദേവന്‍ നമ്പൂതിരി, കോട്ടയ്ക്കല്‍ ശശിധരന്‍, ആര്‍ട്ടിസ്റ്റ് സഗീര്‍, അജയ് സാഗ, കൃഷ്ണന്‍ നമ്പൂതിരി, ശ്രീഹരി ഗിരീഷ്, മുഹമ്മദലി, ഭഗവാന്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ 'കൈവല്യം' എന്ന ഓഡിയോ പ്രകാശനംചെയ്തു.