മമ്പാട്: നിലമ്പൂര്‍ ഗവ.മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാംവര്‍ഷ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥി റംഷിദിന് ജീവിതമൊരു പോരാട്ടവേദിയാണ്. വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ റംഷിദിന് തുടര്‍ചികിത്സയ്ക്ക് തുക കണ്ടെത്തണം. ഇതിനായി ഉത്സവ വേദികളില്‍നിന്ന് ഉത്സവവേദികളിലേക്ക് തന്റെ പുരാവസ്തുശേഖരവുമായി പടയോട്ടം നടത്തുകയാണീ വിദ്യാര്‍ഥി.

നാണയശേഖരവും സ്റ്റാമ്പ് ശേഖരവും മറ്റു പുരാവസ്തുക്കളുമാണ് റംഷിദിന്റെ പ്രദര്‍ശനത്തിലുള്ളത്. തുടര്‍ചികിത്സയ്ക്കും പഠനച്ചെലവിനുമൊക്കെ മാര്‍ഗം തേടി മുന്നോട്ടുപോവുകയാണെന്ന് റംഷിദ് പറയുന്നു. റംഷിദിന് രണ്ട് വയസ്സുള്ളപ്പോഴാണ് പിതാവ് മരിച്ചത്. മാതാവും ഒരു സഹോദരിയുമുണ്ട്. സഹോദരിയുടെ വിവാഹം കഴിഞ്ഞു. എട്ടാംതരത്തില്‍ പഠിക്കുമ്പോഴാണ് റംഷിദിന് വൃക്കരോഗം പിടിപെടുന്നത്.

എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നടന്ന ശാസ്‌ത്രോത്സവത്തില്‍ റംഷിദിന്റെ പ്രദര്‍ശനം കാണാന്‍ മഞ്ചേരി ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരെത്തി. സ്വന്തം പഠനത്തോടൊപ്പം മറ്റുള്ളവര്‍ക്ക് വിജ്ഞാനം പകരാനും റംഷിദിന് കഴിയുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റംഷിദിന്റെ മിടുക്കിനെ ഇസ്ലാഹിയ ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ട്രോഫി നല്‍കി അനുമോദിക്കുകയും ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എസ്. ഷാജന്‍ ട്രോഫി കൈമാറി. അധ്യാപക രക്ഷാകര്‍ത്തൃസമിതി പ്രസിഡന്റ് എ. മുജീബ് റഹ്മാന്‍, അംഗം മീമ്പറ്റ അബ്ദുല്‍ ഗഫൂര്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എ.പി. ജൗഹറ, പ്രഥമാധ്യാപകന്‍ എം. മുഹമ്മദ്, അധ്യാപകരായ എ.പി. ജൗഹര്‍ സാദത്ത്, കെ. രാജീവ്, നൗഷാദ് പുളിക്കല്‍, വി.പി. അലി അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഞ്ചാംതരത്തിലായിരുന്നപ്പോഴാണ് താന്‍ നാണയങ്ങളും സ്റ്റാമ്പുകളും മറ്റും ശേഖരിച്ചുതുടങ്ങിയതെന്ന് റംഷിദ് പറയുന്നു. 'കരുണയ്‌ക്കൊരു കൈത്താങ്ങ്' എന്ന പദ്ധതിയുടെ ഭാഗമായി എടവണ്ണ ജാമിഅ നദ്വിയ്യ കോളേജിലെ ബി.എഡ്. പരിശീലന വിദ്യാര്‍ഥികളും ഈ വിദ്യാര്‍ഥിക്ക് സഹായ സഹകരണങ്ങള്‍ നല്‍കിവരുന്നു.