മലപ്പുറം: സൂചി കാണുമ്പോള്‍ ഓടിയൊളിക്കുന്ന കുട്ടികള്‍ ഇനി പഴങ്കഥ. കണ്ണീരും സങ്കടങ്ങളുമില്ലാതെ മാജിക്കിന്റെ ലഹരിയില്‍ കുത്തിവെപ്പ് ഒരു ഉത്സവമാക്കുകയായിരുന്നു അവര്‍. മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ സാന്നിധ്യം അവര്‍ക്കേകിയത് അതിരില്ലാത്ത ആത്മവിശ്വാസമായിരുന്നു.

രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന, അഞ്ചാംപനി-റൂബെല്ല കുത്തിവെപ്പ് വന്‍ വിജയമാക്കുകയായിരുന്നു ജില്ലയിലെ ആരോഗ്യവകുപ്പ്. ഒട്ടേറെ വ്യാജ പ്രചാരണങ്ങളെ നേരിട്ടാണ് വാക്‌സിന്റെ ഗുണങ്ങള്‍ കുട്ടികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തിയത്.
 
ഒരു ചെറിയ മാജിക്കിലൂടെയാണ് വാക്‌സിന്റെ പ്രാധാന്യം മുതുകാട് കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തത്. മജീഷ്യന്റെ നിര്‍ദ്ദേശപ്രകാരം കളക്ടര്‍ അമിത് മീണയും മാജിക്കില്‍ പങ്കാളിയായി. ഖലീല്‍ ജിബ്രാനെ ഉദ്ധരിച്ച് ഒരു ചെറുഭാഷണം. സെന്റ് ജമാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ അമിത് മീണ ഉദ്ഘാടനംചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അധ്യക്ഷയായി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, വേങ്ങര ഉപതിരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ അമിത് ചൗധരി ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി രാജന്‍ തട്ടില്‍, എസ്.എം.സി. ഡബ്ല്യു.എച്ച്.ഒ. ഡോ. ആര്‍. ശ്രീനാഥ്, യുനിസെഫ് ജില്ലാ കണ്‍സള്‍ട്ടന്റ് ഡോ. കെ. സുശീല, ഡോ. എല്‍. ഷീബാ ബീഗം, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.വി. സുഭാഷ്‌കുമാര്‍, കെ.ജി.എം.ഒ.എ. സംസ്ഥാന സെക്രട്ടറി ഡോ. എ.കെ. റഊഫ്, പ്രഥമാധ്യാപിക സിസ്റ്റര്‍ ലൂസിന തുടങ്ങിയവര്‍ പ്രസംഗിച്ചു.