മലപ്പുറം: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പ്പാത തന്നെയാണ് സംസ്ഥാനത്തിന് ഉചിതമെന്ന് മെട്രോമാന്‍ എ. ശ്രീധരന്‍. രാജീവ്ഗാന്ധി സെന്റര്‍ മലപ്പുറത്ത് നടത്തിയ രാജീവ്ഗാന്ധി അനുസ്മരണസമ്മേളനത്തില്‍ സംസാരിക്കാനെത്തിയതായിരുന്നു അദ്ദേഹം.

സാമ്പത്തികമായും ലാഭകരമായത് നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍വേയാണ്. അത് നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തി മാത്രമേ വേണ്ടൂ. എന്നാല്‍ അതുണ്ടാകുമോ എന്ന് സംശയമാണ്. ഇപ്പോള്‍ തലശ്ശേരി-മൈസൂര്‍ റെയില്‍വേയോടാണ് സര്‍ക്കാരിന് താത്പര്യമെന്നും ശ്രീധരന്‍ പറഞ്ഞു. തനിക്ക് ലഭിക്കുന്ന ബഹുമതികള്‍ തന്റെ സഹപ്രവര്‍ത്തകരുടെകൂടി അധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത കുട്ടികളുമായി അദ്ദേഹം സംവദിച്ചു.
 
വികസനമുരടിപ്പിന് കാരണം അഴിമതി -വി.എം. സുധീരന്‍

കൃത്യസമയത്ത് പണിതീര്‍ക്കാത്തതും ആസൂത്രണമില്ലായ്മയും അഴിമതിയുമാണ് കേരളത്തിലെ വികസനമുരടിപ്പിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പറഞ്ഞു. രാജീവ് അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതികള്‍ തീര്‍ക്കാന്‍ വര്‍ഷങ്ങളെടുക്കുന്നതാണ് പ്രശ്‌നം. അതിനനുസരിച്ച് ചെലവും കൂടും. പതിമൂന്നരക്കോടി ചെലവുപ്രതീക്ഷിച്ച കല്ലട ജലസേചനപദ്ധതി നീണ്ടുപോയപ്പോള്‍ എണ്ണൂറു കോടിയോളമാണ് ചെലവായത്. ഇപ്പോഴും തീര്‍ന്നിട്ടുമില്ല. ഈ സാഹചര്യത്തിലാണ് മെട്രോ ശ്രീധരനെപ്പോലുള്ളവര്‍ പ്രസക്തരാകുന്നത്. പറഞ്ഞതിലും കുറഞ്ഞ എസ്റ്റിമേറ്റില്‍ പറഞ്ഞതിനും മാസങ്ങള്‍ക്കുമുന്‍പേ പദ്ധതി പൂര്‍ത്തിയാക്കുന്നതാണ് ശ്രീധരന്റെ മേന്മ. ഇതാണ് മറ്റുള്ളവര്‍ അനുകരിക്കേണ്ടതെന്നും സുധീരന്‍ പറഞ്ഞു.

ആര്യാടന്‍ മുഹമ്മദ് രാജീവ് അനുസ്മരണപ്രഭാഷണം നടത്തി. ഐ.എ.എസ്. ലഭിച്ച വിവേക് ജോണ്‍സന് ഇ. ശ്രീധരന്‍ ഉപഹാരം നല്‍കി. സെന്റര്‍ പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി അധ്യക്ഷനായി. പി.സി. വേലായുധന്‍കുട്ടി, വി.വി. പ്രകാശ്, പി. ഉബൈദുള്ള എം.എല്‍.എ, കെ.എം. ഗിരിജ, പി.ടി. ജോര്‍ജ്ജ്, പ്രൊഫ. കെ. അബൂബക്കര്‍, സമദ് മങ്കട, വീക്ഷണം മുഹമ്മദ്, സക്കീര്‍ പുല്ലാര തുടങ്ങിയവര്‍ പ്രസംഗിച്ചു.