മലപ്പുറം: കുടുംബശ്രീ പ്രവര്‍ത്തനവും പഞ്ചായത്ത് സംവിധാനങ്ങളും മനസ്സിലാക്കാന്‍ ത്രിപുരയില്‍നിന്ന് പഠനസംഘം ജില്ലയിലെത്തി. മുപ്പത് പേരടങ്ങുന്ന സംഘമാണ് അഞ്ചുദിവസത്തെ പഠനത്തിനായി എത്തിയത്. കുടുംബശ്രീയും പഞ്ചായത്തും ഒത്തൊരുമിച്ച് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.കെ. ഹേമലത കുടുംബശ്രീയുടെ പ്രവര്‍ത്തനം കേരളത്തിലും മലപ്പുറത്തും എങ്ങനെ നടക്കുന്നുവെന്നതിനെക്കുറിച്ച് ക്ലാസെടുത്തു.

ത്രിപുരയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ലോക്കല്‍ റിസോഴ്‌സ് ഗ്രൂപ്പിലെ അംഗങ്ങള്‍, ഗ്രാമസംഘകന്‍ എന്നിവരടങ്ങിയ സംഘമാണ് എത്തിയത്. കുടുംബശ്രീയും പഞ്ചായത്തും ചേര്‍ന്നുനടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരിക്കും പ്രധാനമായും പഠിക്കുക. ഇതിനായി ബുധനാഴ്ച അങ്ങാടിപ്പുറം, വാഴക്കാട് പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ്, അങ്കണവാടികള്‍, ബഡ് സ്‌കൂളുകള്‍, സ്ത്രീ കര്‍ഷകഗ്രൂപ്പുകള്‍ എന്നിവ സന്ദര്‍ശിക്കും. തുടര്‍ന്ന് സന്ദര്‍ശത്തിന്റെ പഠനരേഖ തയ്യാറാക്കിയായിരിക്കും സംഘത്തിന്റെ മടക്കം.

കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്റെ തിമാറ്റിക് ആഗര്‍ സി.എം. അഷിത, എം.സി.ജി. ശാന്തകുമാര്‍ എന്നിവരും കുടുംബശ്രീ ജില്ലാമിഷന്റെ ഉദ്യോഗസ്ഥരും മുഴുവന്‍ സമയവും സംഘത്തോടൊപ്പമുണ്ടാകും.