മലപ്പുറം: നോമ്പ് തുറയുടെ ഭാഗമായി വഴിയോരങ്ങളില്‍ താത്കാലിക ഷെഡുകളില്‍ വില്‍ക്കുന്ന മസാല പുരട്ടിയ മാങ്ങ, മസാല സോഡ എന്നിവയെക്കുറിച്ചുള്ള വ്യാപകമായ പരാതിയില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് രാത്രികാല പരിശോധന ശക്തമാക്കി. നിപ വൈറസ് ബാധയുടെയും പശ്ചാത്തലത്തിലാണ് പരിശോധന.

മഞ്ചേരിയില്‍ പഴക്കടകള്‍, കൂള്‍ബാറുകള്‍, ഫ്രൂട്ട് മൊത്തവില്പനക്കാര്‍, രാത്രികാല തട്ടുകടകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ പഴങ്ങള്‍ കണ്ടെത്തിയ വ്യാപാരികളില്‍നിന്ന് 7,000 രൂപ പിഴ ഈടാക്കി.

വഴിയോരങ്ങളില്‍ വില്‍ക്കുന്ന മസാല സോഡയില്‍ ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ ശേഖരിച്ചു. ഭക്ഷ്യോപയോഗമല്ലാത്ത വിനാഗിരി എസ്സന്‍സ് കൂടിയ അളവില്‍ ഉപയോഗിച്ച് മസാല സോഡ വില്‍പന നടത്തിയ രണ്ട് സ്ഥാപനങ്ങള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി.
 
ശേഖരിച്ച സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലബോറട്ടിയില്‍ പരിശോധന നടത്തുമെന്നും ഫലം ലഭിച്ചതിനുശേഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുഗുണന്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷ ഓഫീസര്‍മാരായ ബിബി മാത്യു, അബ്ദുള്‍റഷീദ്, കെ. രമിത എന്നിവര്‍ നേതൃത്വംനല്‍കി.