മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസപദ്ധതികള്‍ക്ക് തടസ്സംനിന്ന് വിദ്യാഭ്യാസമുന്നേറ്റത്തെ തടയിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്ന് കെ.എസ്.ടി.യു. ജില്ലാ കമ്മിറ്റി ആരോപിച്ചു. പൊതുവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്ന ജില്ലയില്‍, തദ്ദേശസ്വയം ഭരണം സ്ഥാപനങ്ങളും അധ്യാപക-രക്ഷാകര്‍ത്തൃസമിതികളും പൊതുസമൂഹവും നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായുണ്ടായ പുരോഗതി തകര്‍ക്കുന്നതാണ് സര്‍ക്കാര്‍ നിലപാട്. പൊതുവിദ്യാഭ്യാസരംഗത്ത് പലരും മാതൃകയാക്കിയ വിജയഭേരി പദ്ധതിക്കുപോലും അംഗീകാരം നല്‍കാത്ത സര്‍ക്കാര്‍നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് യോഗം വിലയിരുത്തി.

യോഗം സംസ്ഥാന സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുള്ള അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ കാടേങ്ങല്‍ അബ്ദുല്‍മജീദ്, കെ.ടി. അമാനുള്ള, ടി.എം. ജലീല്‍, സി. അബ്ദുറഹിമാന്‍, പി. റഫീഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.