കോട്ടയ്ക്കല്‍: തുണികെട്ടി മറച്ചാലും മാലിന്യം തള്ളുന്നവര്‍ക്ക് അതൊരു പ്രശ്‌നമല്ല. കോട്ടയ്ക്കല്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് നഗരസഭയിലേക്കു പോകുന്ന റോഡില്‍ പോലീസ്സ്‌റ്റേഷന് അടുത്തായാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഇവിടെ മാലിന്യം തള്ളുന്നത് പതിവായതോടെ തുണികെട്ടി മറച്ചു. എന്നാല്‍ ഇത് എടുത്തുമാറ്റിയാണ് ഇപ്പോള്‍ മാലിന്യം തള്ളുന്നത്.

പലതവണ മാലിന്യം എടുത്തുമാറ്റിയിട്ടും ദിവസങ്ങള്‍ കഴിയുമ്പോള്‍ അത്രതന്നെ വീണ്ടുമുണ്ടാകുമെന്ന് സമീപത്തെ കടക്കാര്‍ പറയുന്നു.

കവറുകളിലും അല്ലാതെയും രാത്രികാലങ്ങളില്‍ ഇവിടെ തള്ളുന്ന മാലിന്യം സമീപത്ത് കടുത്ത ദുര്‍ഗന്ധമാണുണ്ടാക്കുന്നത്.

വഴിയാത്രക്കാര്‍ക്കും സമീപത്തെ കച്ചവടക്കാര്‍ക്കും ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഇത്തരം സ്ഥലങ്ങളെക്കൂടി പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡിനോടുചേര്‍ന്നാണ് മാലിന്യമുള്ളത്. പലപ്പോഴും ഇവ റോഡിലേക്ക് നീങ്ങിക്കിടക്കും. മഴയെത്തിയാല്‍ അഴുകിയ മാലിന്യങ്ങള്‍ റോഡിലേക്കൊഴുകും. ഇതൊഴിവാക്കാന്‍ ഉടന്‍ നടപടിവേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.