കോട്ട​യ്ക്കല്‍: പെരുമണ്ണ ക്ലാരിയില്‍ ഭൂമി പിളര്‍ന്ന സ്ഥലവും പൊട്ടച്ചോല റഹീമിന്റെ തകര്‍ന്ന വീടും കളക്ടര്‍ അമിത് മീണ സന്ദര്‍ശിച്ചു. വീടിന്റെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പി.ഡബ്ല്യു.ഡി. എന്‍ജിനീയറോട് നഷ്ടം കാണിക്കുന്ന വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ ജില്ലാ അതോറിറ്റിയും കളക്ടറും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ അഞ്ചംഗ സംഘത്തിനെ ശാസ്ത്രീയപഠനം നടത്തുന്നതിനായി നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ബുധനാഴ്ച സ്ഥലത്തെത്തും.

ഭൂമി പിളര്‍ന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് നിരവധി പേരാണ് സ്ഥലത്തെത്തുന്നതെന്ന് നാട്ടുകാര്‍ കളക്ടറെ അറിയിച്ചു. പ്രദേശത്തെ സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന് എസ്.ഐയ്ക്ക് നിര്‍ദേശം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. ശാസ്ത്രീയ പഠനത്തിനു ശേഷംമാത്രമേ സംഭവത്തെക്കുറിച്ച് കൂടുതല്‍ പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

തിരൂര്‍ തഹസില്‍ദാര്‍ എസ്. ഷാജഹാന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ആഷിഖ്, വില്ലേജ് ഓഫീസര്‍ എസ്. ലയ, തിരൂര്‍ ആര്‍.ഡി.ഒ. ജെ. മോബി, പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ പൊതുവത്ത്, സി.കെ. ജബ്ബാര്‍ എന്നിവര്‍ കളക്ടര്‍ക്കൊപ്പം സ്ഥലത്തെത്തിയിരുന്നു.