കൊണ്ടോട്ടി: മിനി ഊട്ടിയില്‍ നവദമ്പതിമാരെ സദാചാരപോലീസ് ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയില്‍. ഒഴുകൂര്‍ കൂന്തലപ്പറമ്പ് മാട്ടുമ്മല്‍ കറുത്തേടത്ത് ആഷിഖിനെ (27)യാണ് കൊണ്ടോട്ടി എസ്.ഐ കെ.ആര്‍. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂലായ് 18-ന് മിനി ഊട്ടിയിലെത്തിയ മഞ്ചേരി സ്വദേശികളായ നവദമ്പതിമാരെ ആക്രമിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. മിനി ഊട്ടിയിലെത്തിയ നവദമ്പതിമാര്‍ ഓട്ടോറിക്ഷയില്‍ ഇരിക്കുന്നതിനിടെ രണ്ട് കാറുകളിലായെത്തിയ സംഘം തടഞ്ഞുവെച്ചു. യുവതിയെ അക്രമിക്കുകയും മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്‌തെന്നാണ് കേസ്. ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.

സംഭവത്തിലുള്‍പ്പെട്ട അരിമ്പ്ര ചാളക്കണ്ടിവീട്ടില്‍ മൊയ്തീന്‍കുട്ടി (42), കൊണ്ടോട്ടി ചോക്കോടുവീട്ടില്‍ അബ്ദുള്ള (32) എന്നിവരെ അടുത്തദിവസം പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. കേസില്‍ മുഖ്യപ്രതിയാണ് ആഷിഖ് എന്ന് പോലീസ് പറഞ്ഞു. മറ്റൊരു പ്രതി ഇര്‍ഷാദിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മലപ്പുറം ഒന്നാംക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ആഷിഖിനെ റിമാന്‍ഡ്‌ചെയ്തു.