കരുവാരക്കുണ്ട്: ഒരുവര്‍ഷത്തെ മിഠായി മധുരം ഒഴിവാക്കി സഹപാഠികള്‍ നിര്‍മിച്ച വീട്ടില്‍ നിറഞ്ഞത് മിഠായിയെക്കാള്‍ മധുരമുള്ള സന്തോഷം. സഹപാഠികള്‍ മിഠായി ഒഴിവാക്കി സ്വരൂപിച്ച തുകകൊണ്ട് വീട് നിര്‍മിച്ചുനല്‍കിയപ്പോള്‍ മുഹമ്മദ് ആഷിക്കിന് യാഥാര്‍ഥ്യമായത് സ്വന്തം വീടെന്ന സ്വപ്‌നം. കരുവാരക്കുണ്ട് നളന്ദ കോളേജിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ആഷിക്ക്. കുട്ടത്തി മുളങ്കുന്നത്താണ് വീട് നിര്‍മിച്ചിട്ടുള്ളത്. മാതാപിതാക്കളും മൂന്ന് സഹോദരങ്ങളും ഉള്‍പ്പെടുന്നതാണ് ആഷിക്കിന്റെ കുടുംബം.

നിര്‍ധനകുടുംബാംഗവും കൂലിത്തൊഴിലാളിയുമായ പിതാവ് തുമ്പക്കുഴിയന്‍ നാസറിന് സ്വന്തമായി ഭൂമിയുണ്ടായിരുന്നില്ല. കോളേജ് വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുകകൊണ്ട് ആദ്യം വിലകൊടുത്ത് ഭൂമി വാങ്ങി. തുടര്‍ന്നാണ് അറുനൂറ് ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വീട് നിര്‍മിച്ചത്. തറയ്ക്കുള്ള കരിങ്കല്ലും മേല്‍ക്കൂരയ്ക്കുള്ള ഓടും വീട് നിര്‍മിക്കുന്ന സ്ഥലത്തെത്തിച്ചതുള്‍പ്പെടെ തങ്ങള്‍ക്കു ചെയ്യാവുന്ന പണികളൊക്കെ വിദ്യാര്‍ഥികള്‍തന്നെയാണ് ചെയ്തത്. വയറിങ്, പ്ലംബിങ്, പെയിന്റിങ് ജോലികള്‍ ചെയ്യാന്‍ കോളേജിലെ പൂര്‍വവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ചില സംഘടനകള്‍ മുന്നോട്ടുവന്നു.

ശനിയാഴ്ച നടന്ന കോളേജിന്റെ 37-ാമത് വാര്‍ഷികാഘോഷവേദിയില്‍വെച്ച് ആഷിഖിന്റെ കുടുംബത്തിന് ഫാ. ഡൊമിനിക് തൂങ്കുഴി താക്കോല്‍ കൈമാറി.

സംഗമത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മഠത്തില്‍ ലത്തീഫ്, നളന്ദ കോളേജ് പ്രിന്‍സിപ്പല്‍ എ. പ്രഭാകരന്‍, ടി.കെ. ഉമ്മര്‍, എസ്.ഐ പി. ജ്യോതീന്ദ്രകുമാര്‍, ജി.സി. കാരക്കല്‍, ഒ.എം. കരുവാരക്കുണ്ട്, അബു ഇരിങ്ങാട്ടിരി, രാജന്‍ കരുവാരക്കുണ്ട്, എം. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.