കരുവാരക്കുണ്ട്: വിനോദസഞ്ചാരികളുടെ മനംകവര്‍ന്ന കേരളാംകുണ്ട് വെള്ളച്ചാട്ടം ദേശീയ സാഹസികടൂറിസം ഭൂപടത്തിലും ഇടംനേടി. കേരളാംകുണ്ട് വെള്ളച്ചാട്ടം പദ്ധതി ഉദ്ഘാടനംചെയ്ത് ആറുമാസത്തിനിടെ സന്ദര്‍ശിച്ചത് 35,000 സഞ്ചാരികളാണ്.
ഇതോടെയാണ് സാഹസിക വെള്ളച്ചാട്ടമേഖലയായ കേരളാംകുണ്ട് ദേശീയ സാഹസികടൂറിസം ഭൂപടത്തില്‍ ഇടംനേടിയത്. ജില്ലയില്‍ത്തന്നെ ആദ്യമായാണ് ഒരു വെള്ളച്ചാട്ടം മേഖല ദേശീയ സാഹസികഭൂപടത്തില്‍ ഇടംനേടുന്നതെന്ന് ഡി.ടി.പി.സി. സെക്രട്ടറി വി. ഉമ്മര്‍കോയ അറിയിച്ചു.
പ്രകൃതിഭംഗി നിലനിര്‍ത്തി സഞ്ചാരികള്‍ക്ക് കാഴ്ചവിരുന്നൊരുക്കുന്ന പദ്ധതികളാണ് വിനോദസഞ്ചാരവകുപ്പ് ആദ്യഘട്ടത്തില്‍ നടപ്പാക്കിയത്. പ്രാരംഭഘട്ടത്തില്‍തന്നെ ടൂറിസംവകുപ്പ് ഒരുകോടിരൂപ ചെലവില്‍ ഈ പ്രദേശത്ത് വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇതിനുപുറമെ സ്വകാര്യപങ്കാളിത്തത്തോടെ ഏഴ് പുതിയ സാഹസികടൂറിസം പദ്ധതികളും ഇവിടെ നടപ്പാക്കും.
വെള്ളച്ചാട്ടമേഖലയിലേക്ക് ഇരുമ്പുകമ്പിയിലൂടെയുള്ള സഞ്ചാരം, വെള്ളച്ചാട്ടത്തിനുമുകളില്‍ ഗ്‌ളാസ്ബ്രിഡ്ജ്, പാറയിലൂടെ എഴുപതടി ഉയരത്തിലേക്ക് റോക്ക്‌ ൈക്ലമ്പിങ്, ബര്‍മ ബ്രിഡ്ജ്, കമാന്‍ഡോ വല, റോപ്പ് സൈക്കിളിങ് തുടങ്ങിയ പദ്ധതികളാണ് സാഹസികടൂറിസത്തില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നത്.
സമുദ്രനിരപ്പില്‍നിന്ന് 1350 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കുമ്പന്‍മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. അതുകൊണ്ടുതന്നെ പ്രകൃതിക്കിണങ്ങിയ ടൂറിസംപദ്ധതികളാണ് ഈ മേഖലകളില്‍ നടപ്പാക്കുന്നത്. മലമുകളില്‍നിന്ന് വിവിധ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന നീര്‍ച്ചോലകള്‍ സംഗമിച്ചാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം രൂപപ്പെടുന്നത്.
വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടത്തെ പ്രത്യേകത. അപൂര്‍വയിനം സസ്യ-ജന്തുജാലങ്ങളുടെ ആവാസകേന്ദ്രംകൂടിയാണ് കേരളാംകുണ്ട്. പ്രകൃതിപഠനത്തിനും ഗവേഷണത്തിനും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് മേഖലയില്‍ എത്തിച്ചേരുന്നത്.
ഉയരത്തില്‍നിന്നുള്ള വെള്ളച്ചാട്ടത്തിനുകുറുകെ നിര്‍മിച്ച ഇരുമ്പുപാലമാണ് മുഖ്യ ആകര്‍ഷണം.
മനോഹാരിത നഷ്ടപ്പെടാതെ ഏറ്റവും അടുത്തുനിന്ന് സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍വേണ്ടി മുകളില്‍നിന്ന് വെള്ളച്ചാട്ടത്തിലേക്ക് നിര്‍മിച്ച വ്യൂപോയിന്റും സഞ്ചാരികളുടെ മനംകവരുന്നുണ്ട്. ഇതിനുപുറമെ ഭക്ഷണശാല, ഡ്രസ്സിങ് റൂം, പ്രവേശനകവാടം, ടിക്കറ്റ് കൗണ്ടര്‍ തുടങ്ങിയവയും ഇവിടെയുണ്ട്.