കരുളായി: കരുളായിയില്‍ സി.പി.എമ്മുകാര്‍ ചേരിതിരിഞ്ഞ് പ്രകടനം നടത്തി. ലോക്കല്‍ സമ്മേളനത്തിന്റെ സമാപനപൊതുയോഗത്തിന് മുന്നോടിയായാണ് വിമതരും ഔദ്യോഗികവിഭാഗവും വെവ്വേറേ പ്രകടനം നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന പ്രതിനിധിസമ്മേളനത്തില്‍ ലോക്കല്‍ കമ്മിറ്റിയിലെ പ്രമുഖരായ അഞ്ചുപേരെ ഒഴിവാക്കിയിരുന്നു.
 
ലോക്കല്‍ സെന്റര്‍ അംഗം കെ.പി. അബ്ദുറഹിമാന്‍, പഞ്ചായത്തംഗം പി. സുനീര്‍, ഡി.വൈ.എഫ്.ഐ. മുന്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എസ്. മുഹാജിര്‍, മുന്‍ ബ്‌ളോക്ക് പഞ്ചായത്തംഗം കെ. മനോജ്, കെ. മുഹമ്മദാലി എന്നിവരെയാണ് ഒഴിവാക്കിയത്. ഈ തീരുമാനത്തിലുള്ള കടുത്ത പ്രതിഷേധമാണ് ചേരിതിരിഞ്ഞുള്ള പ്രകടനത്തിന് ഇടയാക്കിയത്.
 
പ്രകടനങ്ങള്‍ എതിര്‍ദിശകളില്‍നിന്നാണ് ആരംഭിച്ചത്. ആദ്യം ടൗണിലൂടെ കടന്നുപോയത് വിമതരുടെ പ്രകടനമായിരുന്നു. ലോക്കല്‍ സെക്രട്ടറി പി. ബാലകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍, വി.കെ. ചന്ദ്രഭാനു, ഫാത്തിമസലീം, ഇ. വസന്തകുമാരി തുടങ്ങിയവര്‍ ഔദ്യോഗികപ്രകടനം നയിച്ചു. കെ.പി. അബ്ദുറഹിമാന്‍, കെ. മുഹമ്മദാലി, പി. സുനീര്‍, എസ്. മുഹാജിര്‍, വി.കെ. സുകു തുടങ്ങിയവര്‍ വിമതപ്രകടനത്തിന് നേതൃത്വംനല്‍കി.

ലോക്കല്‍കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയവരുമായി സി.പി.എം. ഏരിയാനേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ഏരിയാസമ്മേളനത്തിനുശേഷം പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നറിയുന്നു.

പൊതുസമ്മേളനം പി.വി. അന്‍വര്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. റഷീദ് കുറ്റിയാടി മുഖ്യ പ്രഭാഷണംനടത്തി. പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷന്‍, ജോര്‍ജ് കെ. ആന്റ്ണി, വി. അസൈനാര്‍, കെ. കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.