കണ്ണമംഗലം: ശക്തമായ ഇടിമിന്നലില്‍ കണ്ണമംഗലത്ത് വീട് തകര്‍ന്നു. കണ്ണമംഗലം തീണ്ടേക്കാട്ട് പരേതനായ പാലമാടത്തില്‍ അയിനിക്കാട്ട് മുഹമ്മദ്കുട്ടി ഹാജിയുടെ ഓടുമേഞ്ഞ ഇരുനിലവീടാണ് തകര്‍ന്നത്. വീടിനകത്തുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം.
 
വീടിനു തൊട്ടടുത്തുണ്ടായിരുന്ന തെങ്ങും ചെടികളും ഭാഗികമായി കത്തിനശിച്ചു. വീട്ടിലെ മെയിന്‍സ്വിച്ചും വൈദ്യുതമീറ്ററും കത്തിയമര്‍ന്ന് പൊട്ടിത്തെറിച്ചു. വൈദ്യുത വയറിങ്ങും ഉപകരണങ്ങളും ആകെ നശിച്ചു. പല ഭാഗങ്ങളിലും ഓടുകള്‍ ചിന്നിച്ചിതറി.
 
മേല്‍ക്കൂരയും തകര്‍ന്നു. പലഭാഗത്തും ചുമരുകള്‍ അടര്‍ന്നുവീണു. ഇടിയുടെ ശബ്ദംകേട്ട് എല്ലാവരും വീടിനുപുറത്തേക്ക് ഓടിരക്ഷപ്പെട്ടു. നിസ്സാര പരിക്കേറ്റ പ്ലസ്ടു വിദ്യാര്‍ഥി ശഹ്നയ്ക്ക് മലപ്പുറത്തെ ആസ്​പത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.