കാളികാവ്: അങ്ങാടി നവീകരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കടകളടച്ചിട്ടു. ഒരുമാസംമുന്‍പാണ് അങ്ങാടി നവീകരണം തുടങ്ങിയത്. അങ്ങാടിക്കും കവലയ്ക്കും ഇടയിലുള്ള കയറ്റം കുറയ്ക്കുന്ന പ്രവൃത്തിയും നടത്തിയിട്ടുണ്ട്. രണ്ടു മീറ്ററിലേറെ റോഡ് താഴ്ത്തിയാണ് കയറ്റം കുറച്ചത്. ഇളകിയ മണ്ണിലൂടെ വാഹനഗതാഗതംകൂടി ആയതോടെ അങ്ങാടിയിലും കവലയിലും പൊടിശല്യം രൂക്ഷമായി. കയറ്റം കുറച്ചതിനുപുറമേ അങ്ങാടിയില്‍ റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇരുഭാഗങ്ങളിലും കെട്ടിടഭാഗങ്ങള്‍ ഉള്‍പ്പെടെ പൊളിച്ചു മാറ്റിയിട്ടുണ്ട്.

റോഡിന്റെ പല ഭാഗങ്ങളും പൊളിച്ചുമാറ്റിയെങ്കിലും തുടര്‍ പ്രവര്‍ത്തനത്തിന് കരാറുകാരന്‍ തയ്യാറായിട്ടില്ല. റോഡ് വീതി കൂട്ടുന്നതിന് സ്ഥലംവിട്ടുനല്‍കാന്‍ കെട്ടിടമുടമകള്‍ പൂര്‍ണമായി സമ്മതിക്കാത്തതിനാല്‍ നാട്ടുകാര്‍ചേര്‍ന്നാണ് സ്ഥലമൊരുക്കിയത്. നാട്ടുകാരുടെ ഇടപെടലില്‍ പ്രതിഷേധിച്ച് കെട്ടിടമുടമകളില്‍ ചിലര്‍ നിര്‍മ്മാണപ്രവൃത്തിക്കുള്ള സമ്മതപത്രം നല്‍കാത്തതാണ് തടസ്സം. ഒരുമാസത്തിലേറെയായി പൊടിശല്യംകൊണ്ട് ആളുകള്‍ അങ്ങാടിയിലേക്കിറങ്ങാന്‍ മടിക്കുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കുവരെ സമീപപ്രദേശങ്ങളിലെ കടകളെയാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത് .

പൊടിശല്യംകൊണ്ട് വ്യാപാരികള്‍ ഉള്‍പ്പെടെ പലര്‍ക്കും രോഗങ്ങള്‍ പിടിപെടുകയും കച്ചവടസാധനങ്ങള്‍ നശിക്കുകയും ചെയ്തിട്ടുണ്ട് . കച്ചവടം കുറയുകയും സാധനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തതോടെ വ്യാപാരികള്‍ പ്രയാസത്തിലാണ്. നവീകരണം തുടങ്ങുന്നതിന് ഗ്രാമപ്പഞ്ചായത്ത് മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കച്ചവടക്കാര്‍ കാളികാവ് കവലയിലും അങ്ങാടിയിലും കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചത്. പ്രകടനമായെത്തിയ വ്യാപാരികള്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണനടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി കാളികാവ് യൂണിറ്റ് പ്രസിഡന്റ് സണ്ണി ജോണ്‍, സെക്രട്ടറി നജീബ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി. പരിഹാരം കണ്ടില്ലെങ്കില്‍ സമരപരിപാടികള്‍ ശക്തമാക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.