കാളികാവ്: മഴ വകവെക്കാതെ ഫുട്‌ബോള്‍ മത്സരത്തിന് ആവേശംപകര്‍ന്ന് ദേശീയതാരം അനസ് എടത്തൊടികയെത്തി. കാളികാവ് അഞ്ചച്ചവിടി പൂച്ചപ്പൊയിലിലാണ് ഞായറാഴ്ച കോരിച്ചൊരിയുന്ന മഴ വകവെക്കാതെ അനസ് എത്തിയത്. പൂച്ചപ്പൊയില്‍ ടാസ്‌ക് ക്ലബ്ബ് നടത്തുന്ന ഫൈവ്‌സ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിനാണ് ദേശീയതാരം എത്തിയത്.

മത്സരത്തിന്റെ ഫൈനലില്‍ മാസ് മമ്പാട്ടുമൂലയും ടാസ്‌ക് പൂച്ചപ്പൊയിലും രണ്ട് ഗോളുകള്‍ വീതം അടിച്ച് സമനിലയിലായി. നറുക്കെടുപ്പിലൂടെ മമ്പാട്ടുമൂല വിജയികളായി. അനസ് എടത്തൊടിക കളിക്കാരുമായി പരിചയപ്പെട്ട് ഫൈനല്‍ മത്സരം ഉദ്ഘാടനംചെയ്തു.
 
കാളികാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. നജീബ് ബാബു, ഗ്രാമപ്പഞ്ചായത്തംഗം കെ. രാമചന്ദ്രന്‍, ശബീബ്, കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി, സജീവ് എടക്കണ്ടന്‍, കെ.പി. നാണി, കെ.പി. സുബ്രഹ്മണ്യന്‍, എ. കബീര്‍, സജില്‍ ആലുങ്ങല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.